
ദിലീപ് – ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്ക’ത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമാതാവ് എ.വി. അനൂപ് സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് കെ. കുമരേഷ് ബാബുവാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കോടതി നടപടിയിലേക്ക് നയിച്ചതെന്നാണ് സൂചന.
നിർമാണ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹർജിക്കാരന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സ്റ്റേ അനിവാര്യമാണെന്നാണ് കോടതിയുടെ നിരീക്ഷണം. നിർമാണക്കരാർ ലംഘനവും സന്ദീപ് സേനൻ നൽകിയ ചെക്ക് മടങ്ങിയതും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉർവശി തിയേറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനനും അലക്‌സ് ഇ കുര്യനും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ‘നീക്കം’. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ.
അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്നു. ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റ ചിത്രവും ദിലീപിന്റെ 152-ാമത്തെ ചിത്രവുമാണിത്.