
മലയാളികൾ എക്കാലത്തും ആവർത്തിച്ചു കണ്ട് ആസ്വദിക്കുന്ന ക്ലാസിക് കോമഡി ചിത്രം ‘ഈ പറക്കും തളിക’യിലെ അവിസ്മരണീയമായ അടിപിടി രംഗത്തിന് പിന്നിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ച് നടൻ ഹരിശ്രീ അശോകൻ. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ചിത്രീകരണത്തിനിടയിലെ ദുഷ്കരവും രസകരവുമായ അനുഭവങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്.
ചിത്രത്തിൽ കൊച്ചിൻ ഹനീഫയുടെ കഥാപാത്രത്തിന്റെ വീടിനുള്ളിൽ നടന്ന സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനായി ആയിരത്തിലധികം മുട്ടകളാണ് പൊട്ടിച്ചതെന്ന് ഹരിശ്രീ അശോകൻ ഓർമ്മിച്ചു. ഷൂട്ട് നീണ്ടുപോയതോടെ ആ വീട്ടിൽ താമസിച്ചിരുന്ന യൂണിറ്റ് അംഗങ്ങൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റേണ്ടി വന്നിരുന്നു. മുട്ടകൾ അടിഞ്ഞുകൂടി ദിവസങ്ങളോളം അവിടെ കഠിനമായ ദുർഗന്ധം അനുഭവപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
മതിൽ ചാടി അകത്തുകയറി അടുക്കളയിലെത്തി പടി കയറി വരുന്നതു വരെയുള്ള നീണ്ട സീക്വൻസ് രണ്ട് മൂന്ന് ദിവസങ്ങളെടുത്താണ് ഷൂട്ട് ചെയ്തത്. ദിലീപിനും കലാഭവൻ മണിക്കും ഒപ്പമുള്ള ഇത്തരം ചിത്രങ്ങളുടെ ജോലികൾ എപ്പോഴും ഒരു പിക്നിക് പോലെയായിരുന്നുവെന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു. 2001-ൽ താഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും മലയാളികളുടെ പ്രധാന സ്ട്രെസ് ബസ്റ്ററുകളിൽ ഒന്നാണ്.
ഹരിശ്രീ അശോകന്റെ വാക്കുകൾ;
‘അത് ആ യൂണിറ്റുകാർ താമസിക്കുന്ന ഒരു വീടായിരുന്നു. അവർക്ക് പിന്നെ ഒരു നാലഞ്ച് ദിവസത്തേക്ക് അവിടെ താമസിക്കാനേ പറ്റിയില്ല. കാരണം അവിടെ ക്ലീൻ ചെയ്ത് തുടച്ചിട്ടും അവിടെ ഭയങ്കര മണം ആയിരുന്നു. എന്നിട്ട് അവർ വേറെ എവിടെയോ ആണ് പോയി കിടന്നത്, പാവങ്ങൾ. വലിയൊരു വീടാ. എനിക്ക് തോന്നുന്നു ഒരു ആയിരത്തിന് മുകളിൽ മുട്ട അന്ന് പൊട്ടിയിട്ടുണ്ട്. ഷോട്ട് റെഡിയാകണ്ടേ. എറിഞ്ഞ ആ ഷോട്ട് റെഡി ആയെങ്കിൽ അല്ലേ ഉള്ളൂ. നമുക്ക് കാണുമ്പോൾ തോന്നില്ല അത്. പടം കണ്ടാൽ തന്നെ അറിയാലോ എത്രയോ മുട്ടകളാണ് അതിൽ എറിഞ്ഞിരിക്കുന്നത് എന്ന്. രണ്ട് മൂന്ന് ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. കാരണം അത് പുറത്തുനിന്ന് വന്ന് മതിൽ ചാടി കയറി, അകത്ത് കയറി അതിനുള്ളിൽ കുറേ ആക്ടിവിറ്റികളുണ്ട്. അതുകഴിഞ്ഞ് അതിന്റെ കിച്ചണിൽ ചെന്ന് എറിഞ്ഞ് പടി കയറി വന്ന് കുറേ കഴിഞ്ഞിട്ടാണ് ആ അടി വരുന്നത്. ദിലീപിന്റെ കൂടെയും മണിയുടെ കൂടെയുമൊക്കെ ചെയ്യുന്ന പടങ്ങൾ ഒരു പിക്കിനിക് പോലെയാണ്.’