യുവതാരങ്ങളോട് ഈ ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഹരീഷ് പേരടി

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ യുവനടന്മാരോട് വിഷയത്തില്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി. കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെക്കണമെന്നാണ് ഹരീഷ് പേരടി താരങ്ങളോട് ആവശ്യപ്പെടുന്നത്.

 

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,

പൃഥിരാജിനോടും ടൊവിനോതോമസ്സിനോടും ദുല്‍ഖര്‍ സല്‍മാനോടും നിവിന്‍പോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയര്‍ ചെയ്യാന്‍ ആവിശ്യപ്പെടുന്നു. ഇരയോടൊപ്പം നിന്നവരാണ് ഇവര്‍ .പാവങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നില്‍ക്കുകയാണ്. ക്രൂശിക്കപ്പെട്ട യേശു നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം…അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കില്‍ മാത്രം…നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം. അവര്‍ കാത്തിരിക്കുകയാണ്.നിങ്ങളുടെ എല്ലാവരുടെയും സിനിമകള്‍ വലിയ വിജയമാവട്ടെ.ആശംസകള്‍.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നലെയാണ് കുറ്റവിമുക്തനായത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസില്‍ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതല്‍ 2016 വരെയുടെ കാലയളവില്‍ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തില്‍വെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം.പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.