നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ ഡേറ്റ നിര്‍ണായകമാകും

നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ആക്രമിച്ച ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റേതടക്കം മൂന്നു മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രൈവുമാണ് കസ്റ്റഡിയിലുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചില ആളുകള്‍ വഴി കൈമാറി ദിലീപിന്റെ അടുക്കലെത്തിയെന്നും ഇതിന്റെ ശബ്ദനിലവാരം അടക്കം ഉയര്‍ത്തുന്ന ജോലികള്‍ നടത്തിയിരുന്നെന്നുമാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി.


ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ വിവിധയിടങ്ങളില്‍ സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു ദിലീപിന്റെ വീട്ടിലും നിര്‍മാണക്കമ്പനി ഓഫീസിലും സഹോദരന്റെ വീട്ടിലും പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണും പ്രാഥമികമായി പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവ ഡിലീറ്റ് ചെയ്തിരിക്കുമെന്ന നിഗമനത്തില്‍ ഡേറ്റ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിക്കും.

അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ഹൈക്കോടതി പരിശോധിക്കും. മുദ്രവെച്ച കവറില്‍ മൊഴി ഹാജരാക്കാന്‍ സിംഗിള്‍ ബഞ്ച് ബാലചന്ദ്രകുമാറിന് നിര്‍ദ്ദേശം നല്‍കി. കേസില്‍ ദിലീപടക്കം അഞ്ചുപ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ചവരെ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്ന് ആരോപിച്ച് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തത്, ബാലചന്ദ്രകുമാറിന്റെ മൊഴി അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തില്‍ മൊഴി കാണാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുദ്രവെച്ച കവറില്‍ മൊഴി ഹാജരാക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു. ചൊവ്വാഴ്ചവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഡിജിപിയും കോടതിയെ അറിയിച്ചു. ഇതിനിടെ കേസിന്റെ പേരില്‍ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു.