ദാരിദ്ര്യമുണ്ടെങ്കില്‍ ഒന്നും ചെയ്യേണ്ട..പൃഥ്വിരാജിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

താന്‍ പുതുതായി സ്വന്തമാക്കിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ നിന്ന് കഴിഞ്ഞദിവസം നടന്‍ പൃഥ്വിരാജ് പിന്മാറിയിരുന്നു. ഫാന്‍സി നമ്പര്‍ വേണ്ടെന്നുവെച്ച് ആ തുക കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നല്‍കാനുള്ള തീരുമാനത്തിലായിരുന്നു താരം. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. അത്ര കടുത്ത ദാരിദ്ര്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഫാന്‍സി നമ്പറിന്റെ പണം മുഴുവന്‍ സര്‍ക്കാറിനാണ് കിട്ടുന്നത്. ആ കാറിന്റെ പണം മുഴുവന്‍ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആര്‍ക്കും ഒരു കുഴപ്പവുമില്ല. നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞ്ഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.

കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നും മൂന്ന് കോടിയോളം തുക ചെലവഴിച്ചാണ് പൃഥ്വിരാജ് റേഞ്ച് റോവര്‍ വാങ്ങിയത്. റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ പൃഥ്വിരാജ് പേര് നല്‍കുകയും ചെയ്തിരുന്നു. ‘KL 07 CS 7777’ എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തിലേക്കാണ് പൃഥ്വിരാജ് പേര് നല്‍കിയത്. എറണാകുളം ആര്‍ടിഒ ഓഫീസിലാണ് ലേലത്തില്‍ പങ്കെടുക്കാന്‍ നടന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നത്. നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് ആര്‍ടിഒ അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക പ്രളയദുരിതാശ്വാസത്തിനായി നല്‍കാനായിരുന്നു പൃഥ്വിരാജിന്റെ തീരുമാനം.