ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം;വിമര്‍ശനവുമായി ഹരീഷ് പേരടി

ചലച്ചിത്ര മേളകളിലെ സിനിമ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാന്‍ നല്ലപാടാണ്. അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും സാധരണക്കാരന്‍ കാണുന്ന തിയ്യറ്റര്‍ അനുഭവങ്ങളെയും അവന്റെ സ്വപനങ്ങളിലെ നായകന്റെയും അളവുകളെ കൃത്യമായി തൂക്കിയെടുത്തുണ്ടാക്കുന്ന ഞാണിന്‍മേല്‍ കളിയാണ്. അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോണ്‍ കപടതയല്ല എന്ന് ഹരീഷ് പേരടി പറയുന്നു. ഒപ്പം കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കാന്‍ ആലോചിച്ചാല്‍ അത് സാംസ്‌കാരിക അപചയമാണെന്ന് പറയുന്നതും നീപ എന്ന മഹാരോഗത്തെ കച്ചവടം ചെയ്താല്‍ അത് സാംസ്‌കാരിക പ്രവര്‍ത്തനമാണെന്ന് പറയുന്നതും എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

SFI, Dyfi, Cpm എന്നീ സംഘടനകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു… എന്തിന് മേല്‍ശാന്തിയെ നിയമിക്കാന്‍ പോലും തിരഞ്ഞെടുപ്പ് നടക്കുന്നു… അതു കൊണ്ട് ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം … അല്ലെങ്കില്‍ ഇതുപോലെയുള്ള ചലച്ചിത്ര മേളകള്‍ നമ്മള്‍ സഹിക്കേണ്ടി വരും… ലാറ്റിനമേരിക്കന്‍ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിന്‍ തോപ്പുകളിലേക്കും കായല്‍ പരിസരത്തേക്കും അതുപോലെ പറിച്ച് നട്ട് ലോകസിനിമയുടെ കേരളാ ഏജന്‍സികളായ പ്രവര്‍ത്തിക്കുന്ന കള്ളന്‍മാര്‍ക്ക് എങ്ങിനെയാണ് ഇത്തരം മേളകളില്‍ ഇടം കിട്ടുന്നത് .. കച്ചവട സിനിമകളില്‍ അഭിനയിക്കുന്ന ഒരാള്‍ എന്ന നിലക്ക് പറയട്ടെ പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാന്‍ നല്ലപാടാണ്… അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും സാധരണക്കാരന്‍ കാണുന്ന തിയ്യറ്റര്‍ അനുഭവങ്ങളെയും അവന്റെ സ്വപനങ്ങളിലെ നായകന്റെയും അളവുകളെ കൃത്യമായി തൂക്കിയെടുത്തുണ്ടാക്കുന്ന ഞാണിന്‍മേല്‍ കളിയാണ്… അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോണ്‍ കപടതയല്ലാ…

കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാന്‍ ആലോചിച്ചാല്‍ അത് സാംസ്‌കാരിക അപചയം… നീപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താല്‍ അത് സാംസ്‌കാരിക പ്രവര്‍ത്തനവും ചലച്ചിത്രമേളകളില്‍ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നത് … നികുതി കൊടുക്കുന്ന ഞങ്ങള്‍ സാധാരണക്കാര്‍ പറയുന്നു … കപട ബുദ്ധിജീവികളെ ഇങ്ങനെ അഴിച്ച് വിടാതിരിക്കുക… സിനിമയെ സ്‌നേഹിക്കുന്ന ഒരു പാട് പുതിയ തലമുറയുണ്ട് അവര്‍ക്ക് അവസരം നല്‍കുക … സിനിമയുണ്ടാക്കാന്‍ മാത്രമല്ല അത് തിരഞ്ഞെടുക്കാനും…