ഏത് ഭാഷയില്‍ നില്‍ക്കുമ്പോളും എന്റെ മേല്‍വിലാസം ഇതാണ്

ജയപ്രകാശ് കുളൂര്‍ എന്ന നാടകപ്രതിഭയുടെ അരങ്ങിലൂടെയാണ് താന്‍ അഭിനയലോകത്ത് സജീവമായതെന്ന് നടന്‍ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ അഭിനയ ക്ലാസ്സില്‍ എത്തിചേര്‍ന്ന ഇന്‍ഡ്യയിലെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് മുന്നിലേക്ക് അതിഥിയായി എത്തിയ അനുഭവം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കിട്ടു. .ഗുരുദക്ഷിണ കൊടുക്കാന്‍ കിട്ടിയ അപൂര്‍വ്വ സന്ദര്‍ഭമായിരുന്നുവെന്നും അദ്ദേഹം. ‘സ്‌കൂള്‍ ഓഫ് ഡ്രാമയിലും അടയാര്‍ ഫിലീം ഇന്‍സ്റ്റ്യൂട്ടിലും അന്നൊന്നും സീറ്റ് കിട്ടാത്തത് എത്ര നന്നായി എന്ന് പിന്നീട് എനിക്ക് പലതവണ തോന്നിയിട്ടുണ്ട്. നാളെ ഒരു തെലുങ്ക് പടത്തില്‍ അഭിനയിക്കാന്‍ ഹൈദ്രബാദിലേക്ക് പോവുകയാണ്. ഒരു ഭാഷയും കൃത്യമായി പറയാന്‍ അറിയാത്ത എനിക്ക് എവിടെ പോയാലും ഏത് ഭാഷയില്‍ നില്‍ക്കുമ്പോളും എന്റെ മേല്‍വിലാസം കുളൂരിയന്‍ നാടകവേദി യൂണിവേഴ്‌സല്‍ ലാംഗ്വേജ് ആണ്. ഹരീഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

ജയപ്രകാശ് കുളൂർ…കുളൂർസാർ അദ്ദേഹത്തിൻ്റെ ഓൺലൈൻ അഭിനയ ക്ലാസ്സിൽ എത്തിചേർന്ന ഇൻഡ്യയിലെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾക്ക് മുന്നിലേക്ക് സാറെന്നെ അതിഥിയായി വിളിച്ചു. അതിഥിതിയായിട്ടല്ല, കുളൂരിയൻ നാടക വേദിയുടെ അട്ടി പേറ് അവകാശമുള്ള പ്രഥമ ശിഷ്യനായിട്ട്. ഗുരുദക്ഷിണ കൊടുക്കാൻ കിട്ടിയ ഈ അപൂർവ്വ സന്ദർഭം ഒരു ജീവിതം മുഴുവൻ പറഞ്ഞാൽ തീരാത്ത അനുഭവത്തിലെ ചില പ്രധാനപ്പെട്ട ഏടുകൾ മാത്രം പിച്ചിചിന്തി ഞാനും. സമയത്തെ ചവിട്ടികൂട്ടി ഒടിച്ച്, ആ നിമിഷത്തെ കെട്ടിയിട്ട് പോറ്റാൻ പറ്റി. ഇന്ന് എനിക്ക് സമാധാനമുള്ള ഉറക്കമില്ലാത്ത രാത്രിയാണ്. സ്കൂൾ ഓഫ് ഡ്രാമയിലും അടയാർ ഫിലീം ഇൻസ്റ്റ്യൂട്ടിലും അന്നൊന്നും സീറ്റ് കിട്ടാത്തത് എത്ര നന്നായി എന്ന് പിന്നീട് എനിക്ക് പലതവണ തോന്നിയിട്ടുണ്ട്. നാളെ ഞാൻ ഒരു തെലുങ്ക് പടത്തിൽ അഭിനയിക്കാൻ ഹൈദ്രബാദിലേക്ക് പോവുകയാണ്. ഒരു ഭാഷയും കൃത്യമായി പറയാൻ അറിയാത്ത എനിക്ക് എവിടെ പോയാലും ഏത് ഭാഷയിൽ നിൽക്കുമ്പോളും എൻ്റെ മേൽവിലാസം -Hareesh Peradi, Kuloorian Nadakavedhi,Universal language..എന്നാണ്. ഈ മേൽവിലാസം തന്നതിന്..ഇങ്ങിനെയൊരു നാടകഭാഷ പഠിപ്പിച്ചതിന് തിരിച്ച് തരാൻ എൻ്റെ കൈയ്യിൽ നാടകം,നാടകം മാത്രം.