ഗാനമയൂരത്തിന് ഇന്ന് 35ാം പിറന്നാള്‍..

തന്റെ ഗാനങ്ങളിലൂടെ വേര്‍തിരിവുകളില്ലാതെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ഗായിക ശ്രേയ ഘോഷാല്‍ മുപ്പത്തഞ്ചാം പിറന്നാള്‍ നിറവില്‍. മലയാളം, കന്നട, തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ എല്ലാ ഭാഷകളിലെയും താരങ്ങള്‍ ശ്രേയക്ക് ആശംസയുമായി മുന്നോട്ട് വന്നിട്ടുണ്ട്. അതേ സമയം ശ്രേയക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന ആതിഫ് അസ്ലമിനും സമൂഹമാധ്യമങ്ങളിലൂടെ ആശംസകളുമായി നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

1984 മാര്‍ച്ച് 12ന് പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ വെച്ചായിരുന്നു ശ്രേയയുടെ ജനനം. അച്ഛന്‍ ബിശ്വജിത്ത് ഘോഷാല്‍ അമ്മ ശര്‍മിസ്ത ഘോഷാല്‍ എന്നിവരുടെ ആദ്യത്തെ കുട്ടിയായിരുന്നു. സഹോദരന്‍ സൗമ്യദീപ് ഘോഷാല്‍. നാല് വയസ്സായപ്പോഴേക്കും ശ്രേയ തന്റെ സംഗീതത്തിലെ അഭിരുചി കണ്ടെത്തുകയും സംഗീതാഭ്യാസം ആരംഭിക്കുകയും ചെയ്തു. 1995ല്‍ ആള്‍ ഇന്‍ഡ്യ ലൈറ്റ് വോക്കല്‍ മ്യൂസിക് കോമ്പറ്റീഷനില്‍ വെച്ച് ശ്രേയ സബ്ജൂനിയര്‍ വിഭാഗത്തിലെ തന്റെ ആദ്യ ദേശീയതല പുരസ്‌കാരം നേടി. പിന്നീട് തന്റെ അച്ഛനോടൊപ്പം മുംബൈയിലേക്ക് പോകേണ്ടി വന്ന ശ്രേയക്ക് താത്പര്യമില്ലാതിരുന്നിട്ടും അറ്റോമിക് എനര്‍ജി ജൂനിയര്‍ കോളേജില്‍ സയന്‍സ് വിഭാഗത്തില്‍ ചേരേണ്ടി വന്നു. എന്നാല്‍ ശ്രേയ തന്റെ ആഗ്രഹങ്ങള്‍ അത്ര എളുപ്പത്തില്‍ വിട്ടു നല്‍കാന്‍ തയ്യാറായിരുന്നില്ല. അധികനാള്‍ വൈകാതെ തന്നെ ശ്രേയ എസ് ഐ ഇ എസ് കോളേജ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സില്‍ ചേര്‍ന്ന് തന്റെ സംഗീത വിദ്യാഭ്യാസം തുടര്‍ന്നു. 2000 ല്‍ ശ്രേയ പങ്കെടുത്ത സാ രി ഗ മ എന്ന പ്രോഗ്രാം ശ്രേയയുടെ വിധിയെ മാറ്റി മറിച്ചു. പ്രോഗ്രാമില്‍ ഒന്നാം സ്ഥാം നേടിയെടുത്ത് ശ്രേയ താരനിരയിലേക്കുള്ള തന്റെ ആദ്യ ചുവടെടുത്ത് വച്ചു. 2002-ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച് പിന്നീട് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കി. ഈ ചലച്ചിത്രത്തിലെ ഗാനത്തിന് ആ വര്‍ഷത്തെ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും, മികച്ച സംഗീത പ്രതിഭക്കുള്ള ആര്‍.ഡി. ബര്‍മ്മന്‍ പുരസ്‌കാരവും ലഭിച്ചു. നാലു തവണ മികച്ച പിന്നണിഗായികക്കുള്ള ദേശീയപുരസ്‌കാരവും, 5 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ സംസ്ഥാനമായ ഓഹിയോയിലെ ഗവര്‍ണറായ ടെഡ് സ്ട്രിക്ലാന്‍ഡ് ജൂണ്‍ 26 ശ്രേയ ഘോഷാല്‍ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാന്‍ ആത്മാര്‍ഥത കാണിക്കുന്നു എന്നത് ശ്രേയയെ ഏറെ വ്യത്യസ്തയാക്കുന്നു. 2015 ഫെബ്രുവരി 5 നു തന്റെ സ്‌നേഹിതനും ബാല്യകാല സുഹൃത്തുമായ ശൈലാദിത്യ മുഖോപാധ്യായുമായി ശ്രേയ വിവാഹിതയായി.
പുരസ്‌കാരങ്ങളുടെ ഒരു പട്ടിക തന്നെ ശ്രേയക്കുണ്ട്. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് 2002, 2005, 2007, 2008 എന്നീ വര്‍ഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷാലിനു ലഭിച്ചിരുന്നു. ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡുകളില്‍ അഞ്ചെണ്ണമുള്‍പ്പെടെ 6 ഫിലിം ഫെയര്‍ അവര്‍ഡുകള്‍, മികച്ച പിന്നണി ഗായികയ്ക്കുള്ള ഒന്‍പത് സൗത്ത് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ (തമിഴ് 2, മലയാളം 5, കന്നഡ 2, തെലുങ്ക് 1 എന്നിങ്ങനെ), മികച്ച ഗായികയ്ക്കുള്ള രണ്ട് തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാര്‍ഡ്, കൂടാതെ 2009, 2011, 2014, 2018 വര്‍ഷങ്ങളിലെ മികച്ച ഗായികക്കുള്ള കേരളസംസ്ഥാന പുരസ്‌കാരവും ഇവര്‍ക്കാണു ലഭിച്ചത്.

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് – 2011, 2012 വര്‍ഷങ്ങളില്‍
മികച്ച ഗായികക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം – 2009
മികച്ച ഗായികക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം – 2011
മികച്ച ഗായികക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം – 2014
മികച്ച ഗായികക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം – 2018

നിരവധി ഇന്ത്യന്‍ ഭാഷകളിലെ ചലച്ചിത്ര സംഗീതം, ആല്‍ബം എന്നിവയിലൂടെ ഗാനങ്ങളാലപിച്ച് ഇന്ത്യന്‍ സിനിമാ രംഗത്തെ ഒരു പ്രമുഖ പിന്നണി ഗായികയായി ചരിത്രത്തിലിടം നേടാനും സാധിക്കട്ടെയെടന്നാശംസിച്ചുകൊണ്ട് ശ്രേയക്ക് സെല്ലുലോയ്ഡ് ഫിലിം മാഗസിന്റെ ജന്മദിനാശംസകള്‍..