
ഒരു കാലഘട്ടത്തെ തന്റെ കഴിവുകൊണ്ട് വിസ്മയിപ്പിച്ച കലാകാരി. അസാധാരണമായ സൗന്ദര്യവും അഭിനയ ശൈലിയും കൊണ്ട് ഒരു തലമുറയുടെ ചെറുപ്പക്കാരുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് നിറം നൽകിയ നായിക. താരപ്രഭയുടെയും വ്യക്തിജീവിതത്തിലെ ചുഴലിക്കാറ്റുകളുടെയും ഇടയിൽ താനെന്ന വ്യക്തിത്വത്തെ ഒരു നിമിഷവും നഷ്ടപ്പെടുത്താതെ മുന്നേറിയ താര സുന്ദരി “സുകന്യ”. തെന്നിന്ത്യൻ ഭാഷകളിലൊക്കെ തന്റേതായൊരു സ്ഥാനം വളരെ ചെറിയ കാലയളവിനുള്ളിൽ സുകന്യക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ നിന്ന് ബഹുദൂരം മാറി നിന്നിട്ടും പ്രേക്ഷകരിന്നും അതേ ആദരവോടെ സുകന്യയെ ഓർക്കുകയും, ചേർത്തു പിടിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ട നായികയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
സുകന്യ അഥവാ സുകന്യ റാണി, തന്റെ ഏഴാം വയസ്സിൽ തന്നെ കേന്ദ്രസർക്കാരിന്റെ ആറു വർഷത്തെ സ്കോളർഷിപ്പോടെ നൃത്തപഠനം തുടരുകയും ചെറുപ്രായത്തിലെ തന്നെ പ്രധാന വേദികളിൽ അംഗീകാരം നേടുകയും ചെയ്തിരുന്നു. ഗോർബച്ചോവും രാജീവ്ഗാന്ധിയും പങ്കെടുത്ത “ഫെസ്റ്റിവൽ ഓഫ് യു.എസ്.എസ്.ആർ” എന്ന വൻ വേദിയിൽ കൊറിയോഗ്രാഫർ ചന്ദ്രലേഖയോടൊപ്പം നമസ്കാര നൃത്തം അവതരിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ കലാകാരി സുകന്യയായിരുന്നു. ചെറുപ്രായത്തിൽ നേടിയ ആ അംഗീകാരം ഭാവിയിലെ ഒരു വലിയ കലാകാരിക്ക് വേണ്ട ആത്മവിശ്വാസം നൽകിയെന്നു തന്നെ പറയാം.
തുടർന്ന് ചിത്രലോകം സുകന്യയെ ഒന്നിലധികം തവണ വിളിച്ചു. ഒൻപതാം ക്ലാസ് മുതലുള്ള അനവധി ഓഫറുകൾ അവൾ നിരസിച്ചു. കാരണം “തന്റെ ജീവിതം നൃത്തമാണ്” എന്നവൾ ഉറച്ച് വിശ്വസിച്ചു. പക്ഷെ വിധി ഒരു വഴിത്തിരിവായി ഭാരതിരാജയുടെ ഉറച്ച നിർബന്ധത്തിനു വഴങ്ങി 1991-ൽ ‘പുതുനെല്ല പുതുനാത്ത്’ എന്ന ചിത്രത്തിലൂടെ സുകന്യ ചലച്ചിത്രലോകത്തേക്ക് കാലെടുത്തു വെച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സുകന്യയ്ക്ക് പിന്നിട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തമിഴിലും തെലുങ്കിലും ഒരേസമയം മുൻനിര നായികയാകുകയും മിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കുകയും ചെയ്തു. ചെറുപ്രായത്തിൽ തന്നെ അഭിനയ കഴിവ് സുകന്യയെ അതിവേഗം തന്നെ സൂപ്പർതാര നിരയിലേക്ക് ഉയർത്തി.
തമിഴിൽ വിജായകാന്തിനൊപ്പം ‘ചിന്ന കൗണ്ടർ’ ചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ സുകന്യയുടെ കരിയറിന് വൻ തിരിച്ചുവരവ് ലഭിച്ചു. എം.ജി.ആർ നഗറിൽ ഷൂട്ടിങ്ങിനിടയിലും അവർ എല്ലായിടത്തും പുഞ്ചിരിയോടെ പ്രത്യക്ഷപ്പെടുന്ന നവമൃദുവായ ഒരു വ്യക്തിത്വം ആയിരുന്നു. ഒരു ഡേറ്റിന് വേണ്ടി രാത്രി പകലില്ലാതെ പ്രവർത്തിച്ചിരുന്ന നായിക. മലയാള സിനിമയിൽ സുകന്യയെ കാണാൻ വൈകിയെങ്കിലും കാത്തിരിപ്പ് ഫലം കണ്ടു. ഐ.വി. ശശിയുടെ ‘അപാരത’, ‘അമ്മ അമ്മായിയമ്മ’, ‘തൂവൽക്കൊട്ടാരം’, ‘ചന്ദ്രലേഖ’, ‘കാണാക്കിനാവ്’, ‘രക്തസാക്ഷികൾ സിന്ദാബാദ്’, ‘ഉടയോൻ’ തുടങ്ങി ഒന്നിലധികം ചിത്രങ്ങളിൽ അവർ തന്റെ അഭിനയശക്തി തെളിയിച്ചു. ‘തൂവൽക്കൊട്ടാരം’-ത്തിലുള്ള മഞ്ജുവാര്യരോടുള്ള നൃത്തമത്സരം ഇന്നും മലയാളരംഗത്ത് ഒരു ക്ലാസിക്കായി കരുതപ്പെടുന്നു.
കരിയറിന്റെ ഉച്ചിയിൽ നിൽക്കുമ്പോഴാണ് സുകന്യ വിവാഹമെന്ന നിർണായക തീരുമാനമെടുക്കുന്നത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന ശ്രീധർ രാജഗോപാലിനെ വിവാഹം കഴിച്ച് സുകന്യ സിനിമയെ ഉപേക്ഷിച്ചു. പാതി ലോകം കൈയ്യടിച്ചിരുന്ന ഒരു കരിയർ, ലക്ഷക്കണക്കിന് പ്രതിഫലം എല്ലാം അവർ ഒരു നിമിഷം പോലും സംശയിക്കാതെ വിട്ടു. “കുടുംബം ആണ് ജീവിതം” എന്നുറച്ച് വിശ്വസിച്ചു.
എന്നാൽ ആ സ്വപ്നത്തിന്റെ മറുവശം സുകന്യയുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ അധ്യായങ്ങൾകൊണ്ടാണ് നിറഞ്ഞത്.വിദേശത്തുള്ള ഒറ്റപ്പെടൽ, വീട്ടുപണി, പരിചിത മുഖങ്ങളില്ലാത്ത ഒരു നഗരം, ഇവയെക്കാൾ കടുത്തത് ഭർത്താവിന്റെ അവഗണനയും തുടർച്ചയായ മോശം പെരുമാറ്റവുമായിരുന്നു. ഒടുവിൽ, ഒരുദിവസം ആരോടും പറയാതെ അവൾ തിരികെ ചെന്നൈയിൽ എത്തി. പിന്നീടെടുത്ത തീരുമാനമാണ് അവളുടെ ജീവിതത്തെ പുതിയൊരു വഴിയിലേക്ക് നയിച്ചത്. സുകന്യ വിവ്യഹമോചനം ആവശ്യപ്പെട്ടെങ്കിലും ശ്രീധർ വിവാഹമോചനം അനുവദിക്കില്ലെന്ന് കോടതിയിൽ വാദിച്ചു. അമേരിക്കയിൽ നടന്ന വിവാഹം ഇന്ത്യയിൽ വിചാരണ ചെയ്യാനാവില്ല” എന്നായിരുന്നു അയാളുടെ നിലപാട്. എന്നാൽ വിവാഹം എവിടെ വച്ച് നടന്നാലും, ജീവിതം തുടരാൻ കഴിയുന്നില്ലെങ്കിൽ ഭാര്യമാർക്ക് ഇന്ത്യയിൽ ഡിവോഴ്സ് അപേക്ഷിക്കാൻ അവകാശമുണ്ട് എന്ന് കോടതിയും തിരികെ വാദിച്ചു. ഈ വിധിയോടെ സുകന്യയ്ക്ക് സ്വാതന്ത്ര്യം തിരികെ കിട്ടുകയായിരുന്നു.
എന്നാൽ സിനിമയിലേക്കുള്ള മടങ്ങിവരവ് എളുപ്പമല്ലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അവർ വീണ്ടും സിനിമയിലിറങ്ങിയെങ്കിലും മുൻപുള്ളതുപോലെ നായികയായി തിളങ്ങുന്നത് അസാധ്യതയായി. കാരണങ്ങൾ പലതായിരുന്നു. വിവാഹിത നായികമാരോട് സിനിമാലോകത്തിന്റെ പഴയ മുൻവിധിയും, ചെറുപ്പക്കാരിയായ പുതിയ താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത് വേലു വിളിയാവുകയും ചെയ്തു. എങ്കിലും, സുകന്യ പിറകോട്ട് പോയില്ല. സത്യൻ അന്തിക്കാടിന്റെ ‘ഇന്നത്തെ ചിന്താവിഷയം’ എന്ന ചിത്രത്തിലെ വേഷം അവർക്ക് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. ടെലിവിഷനിൽ ‘കടമറ്റത്ത് കത്തനാർ’ പോലുള്ള സീരിയലുകളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ അവർ കാഴ്ചവച്ചു.
വഴി തടഞ്ഞ വിവാദങ്ങളെ നേരിട്ട ശക്തയായ സ്ത്രീകൂടിയായിരുന്നു അവർ. ഒരു ഘട്ടത്തിൽ ചില യൂട്യൂബർമാർ സുകന്യയെക്കുറിച്ച് അനക്ഷ്യമായ പ്രചാരണം ആരംഭിച്ചു. ഒരു മന്ത്രിക്കൊപ്പം താമസിക്കുന്നുവെന്ന വ്യാജവാർത്ത. സുകന്യ നിയമനടപടി സ്വീകരിച്ച് ആ അപവാദങ്ങളെല്ലാം തള്ളി.
അതിനു പിന്നാലെ “സുകന്യ ഒരു പെൺകുഞ്ഞിന്റെ അമ്മയായി” എന്ന വാര്‍ത്തയും പടർന്നു. സുകന്യ അതിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ല.
കാരണം ആ കുഞ്ഞ് സ്വന്തം ചേച്ചിയുടെ മകളായിരുന്നു. ഒരു കുഞ്ഞെങ്കിലും എന്നെ ‘അമ്മ എന്ന് വിളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് ആ സംഭവത്തോട് സുകന്യ പ്രതികരിച്ചു.
നൃത്തം, സംഗീതം, അഭിനയം എന്നിങ്ങനെഏതു മേഖലയിലും തന്റേതായ ഒപ്പ് പതിപ്പിച്ച കലാകാരി വൈഷ്ണവഭക്തിഗാനങ്ങളിലെ സംഗീതസംവിധായകയും ഗായികയും കൂടിയാണ്. സൃഷ്ടിപരമായ മികവ് ജീവിതത്തിന്റെ എല്ലാകോണിലും തെളിഞ്ഞു നിന്നിരുന്നു. ജീവിതത്തിൽ വൻ കുലുക്കങ്ങൾ നേരിട്ടിട്ടും ഒരിക്കലും തന്റെ പുഞ്ചിരി നഷ്ടപ്പെടുത്താതിരുന്ന സ്ത്രീയാണ് അവർ. കലയും പാഠങ്ങളും സ്വന്തം അനുഭവങ്ങളുമൊക്കെ ചേർത്ത് ഇന്നും കലാരംഗത്ത് സാന്നിധ്യം നിന്ന് കൊണ്ടിരിക്കുന്ന ഒരു ശക്തി സാന്നിധ്യം കൂടിയാണ് സുകന്യ. അവരുടെ കഥയിൽ അനേകം സ്ത്രീകൾക്കും യുവതികൾക്കും ഒരു പാഠമുണ്ട്, ജീവിതം തകർന്നുപോയാലും, നിങ്ങളെ തകർക്കാൻ അതിന് കഴിയില്ല. ഒരുവേള പുനർജനിക്കാനും വളരാനും കൂടുതൽ ശക്തിയോടെ മുന്നേറാനും അതാകും വഴിയൊരുക്കുക എന്ന പാഠം. കലയുടെ വഴിയിലൂടെ ലോകത്തോട് പുഞ്ചിരിയോടെ മുന്നേറിയ സുകന്യയ്ക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.