
സംവിധായകൻ ഫാസിൽ ഒരിക്കൽ തന്റെ സിനിമയ്ക്ക് വേണ്ടി ഒരു പൊടിമീശക്കാരനെ തിരഞ്ഞെടുത്തു. പക്ഷെ സ്ക്രീൻ ടെസ്റ്റിന് ശേഷം വിധി കേൾക്കാൻ കാത്തു നിന്ന ആ പയ്യനോട് ഫാസിൽ പറഞ്ഞത് നിങ്ങൾക്ക് പ്രണയ സിനിമകളെക്കാളും ആക്ഷൻ സിനിമകളാണ് ചേരുക. നമുക്ക് പിന്നീട് നോക്കാം എന്നായിരുന്നു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ട ഏറ്റവും മനോഹരമായ റൊമാന്റിക്ക് നായകനായി അയാൾ മാറി. ഇന്നയാൾ മലയാളത്തിനകത്തും പുറത്തും ഏറ്റവും വിലപ്പിടിപ്പുള്ള താരമാണ്. നിലപാടുകൾ കൊണ്ടും തിരഞ്ഞെടുക്കുന്ന സിനിമകൾ കൊണ്ടും എന്നും വേറിട്ട് നിന്ന നടൻ, ‘പൃഥ്വിരാജ് സുകുമാരൻ’. മലയാളത്തിന്റെ സ്വന്തം യുവ നടന് ഇന്ന് ജന്മദിനമാണ്. നിലപാടുകളുടെ രാജകുമാരന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
സംവിധായകനായി, പ്രൊഡ്യൂസറായി, ഗായകനായി പൃഥ്വിരാജെന്നും പ്രേക്ഷകരെ അത്ഭുതപെടുത്തികൊണ്ടേയിരുന്നു. മലയാളത്തിന്റെ സ്വന്തം നായകൻ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഇളയ മകനായി 1982 ഒക്ടോബർ 16 നാണ് പൃഥ്വിരാജിന്റെ ജനനം. പൃഥ്വി പത്തം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ സുകുമാരന്റെ മരണം. ആകെ ഉലഞ്ഞുപോയ നിമിഷം. മറ്റെല്ലാരെയും പോലെ പൃഥ്വിയുടേയും സൂപ്പർ ഹീറോ അച്ഛൻ തന്നെയായിരുന്നു. അച്ഛനെ കുറിച്ച് പൃഥ്വി പറയുന്നതിങ്ങനെ,” സുകുമാരൻ എന്ന നടനെ എനിക്കറിയില്ല, അദ്ദേഹത്തിലെ വിജ്ഞാനിയെ, വായനയെ അറിവിനെ ഞാനാരാധിച്ചിരുന്നു”.
ആദ്യ ചിത്രത്തിലെ സ്ക്രീൻ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും, ഫാസിലിന്റെ തന്നെ റെക്കമെന്റേഷനിൽ രഞ്ജിത്ത് പൃഥ്വിയെ നന്ദനത്തിലേക്ക് വിളിച്ചു.
അങ്ങനെ “നന്ദന”ത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഇത് തന്റെ ജീവിത വഴിയാകുമെന്ന് പൃഥ്വി സ്വപ്നത്തിൽപ്പോലും കരുതിയില്ല.
അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം “നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി” ആയിരുന്നു. ചിത്രം വൻ പരാജയമായിരുന്നു. സിനിമകളെ കുറിച്ചുള്ള പൃഥിയുടെ നിലപാടും ശക്തമായിരുന്നു, “സിനിമകൾ തിരഞ്ഞെടുക്കുവാനുള്ള തന്റെ ഏക ക്രൈറ്റീരിയ നല്ല സംവിധായകന്റെ സിനിമ വരുമ്പോൾ അത് സ്വീകരിക്കുക എന്ന് മാത്രമാണ്” എന്നാണ്.
അത് സത്യമായിരുന്നിരിക്കണം, ലോഹിതദാസ്, കമൽ, സത്യൻ, വിനയൻ,ശ്യാമപ്രസാദ് തുടങ്ങി മുൻ നിര സംവിധായകർക്കൊപ്പമെല്ലാം അദ്ദേഹം അഭിനയിച്ചു.
2006 ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസഥാന അവാർഡ് അദ്ദേഹം തന്റെ 24 ആമത്തെ വയസ്സിൽ സ്വന്തമാക്കി. 20 വർഷത്തോളം മോഹൻലാൽ കൊണ്ട് നടന്ന സംസഥാന അവാർഡ് ലഭിക്കുന്ന പ്രായം കുറഞ്ഞ നടനെന്ന റെക്കോർഡ് തകർത്തു.
അദ്ദേഹത്തിന്റെ നിലപാടുകൾക്കെന്നും മൂർച്ചയുണ്ടായിരുന്നെന്ന് പറഞ്ഞല്ലോ, ആ കാലത്ത് സംഘടനാ വിയോജിപ്പുകൾ കൊണ്ടും തന്റെ നിലപാടുകൾ തുറന്നു പറഞ്ഞത് കൊണ്ടും അദ്ദേഹം സംഘടനാ വിലക്കുകൾ നേരിട്ടു. പറഞ്ഞുറപ്പിച്ച മൂന്നു ചിത്രങ്ങൾ നഷ്ടമായി. പ്രിയാനന്ദനൊപ്പം ചെയ്യാനിരുന്ന ‘ഒരു മന്ദാരപ്പൂ’ എന്ന ചിത്രവും ഉപേക്ഷിക്കേണ്ടി വന്നു. സഹതാരങ്ങളൊന്നും കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു, നായികയാവാൻ ആരും ഒരുക്കമല്ലെന്ന് ശാഠ്യം പിടിച്ചു. മലയാളത്തിൽ സിനിമകൾ ഒട്ടും ഇല്ലാതായൊരു കാലം. അദ്ദേഹം പിന്നെ ഒന്നും നോക്കിയില്ല തമിഴിലേക്ക് ചുവടുറപ്പിച്ചു, അവിടന്ന് തെലുങ്കിലേക്ക്, വില്ലനായും, നടനായും അയാൾ ഭാഷകളുടെ അതിർ വരമ്പുകൾ ഭേദിച്ചു. തമിഴ് നാട് സർക്കാരിന്റെ മികച്ച വില്ലനുളള സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കി.
എന്നാൽ മലയാളി പ്രേക്ഷകർ അദ്ദേഹത്തെ കൈ വിട്ടില്ല. അദ്ദേഹം തിരികെ വന്നു “ഇന്ത്യൻ റുപ്പിയിലൂടെ”. തിരികെ വന്നപ്പോഴും തന്റെ നിലപാടുകൾക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് ഊന്നി പറയും വിധം അക്കാലത്ത് സിനിമയിൽ വിലക്ക് നേരിട്ടിരുന്ന “തിലകനെ” ചിത്രത്തിൽ അഭിനയിപ്പിക്കുകയും ചെയ്തു. ‘അയാളും ഞാനും തമ്മിൽ, സെല്ലുലോയ്‌സ്ഡ് എന്നീ ചിത്രത്തിലൂടെ വീണ്ടും 2012 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി. പിന്നീട് ഒരു പിടി നല്ല പരീക്ഷണാത്മക ചിത്രങ്ങൾ “മുംബൈ പോലീസ്, ലണ്ടൻ ബ്രിഡ്ജ് , എന്ന് നിന്റെ മൊയ്തീൻ, ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും, ഗുരുവായൂരമ്പല നടയിൽ, ,രണം, പാവാട, ഗോൾഡ്, ആട് ജീവിതം, ഗുരുവായൂരമ്പല നടയിൽ, ലൂസിഫർ, എമ്പുരാൻ അങ്ങനെ ഒരു പിടി നല്ല ചിത്രങ്ങൾ.
പങ്കാളിയായ നിർമ്മാണക്കമ്പിനിയിൽ നിന്ന് മാറി സ്വന്തമായി പ്രൊഡക്ഷൻ കമ്പനി നിർമിച്ചു, പരീക്ഷണ ചിത്രങ്ങളുടെ ഭാഗമായി, എക്കാലത്തെയും വലിയ സ്വപ്നം സംവിധാനം അതും മോഹൻലാലിനെ വെച്ച് ലൂസിഫർ ചെയ്തു, രണ്ടാം ഭാഗം എമ്പുരാനും ഇന്ത്യക്ക് പുറത്തേക്ക് കയയടി നേടി. ഒരിക്കൽ പരിഹാസത്തിന്റെയും, അവഗണനയുടെയും, ഒറ്റപെടുത്തലിന്റെയും ചുഴിയിൽ നിന്ന് ആരും കൊതിക്കുന്ന ഉയരങ്ങളിലേക്ക് അയാൾ നടന്നു.
തന്റെ വിജയങ്ങൾക്കൊപ്പം പങ്കാളിയെ ചേർക്കാനും അയാൾ മറന്നില്ല. സുപ്രിയ മേനോൻ. ഡൽഹിയിൽ ബിബിസി ന്യൂസ്ക റസ്പോണ്ടന്റായിരുന്നു. വിവാഹ ശേഷം പൂർണമായും പൃഥ്വിരാജ് സുകുമാരനെന്ന നടനെയും ഭർത്താവിനെയും ഒരുപോലെ ബാലൻസ് ചെയ്‌തെ പൃഥിയുടെ സ്വന്തം സുപ്രിയ. സുപ്രിയയെ കുറിച്ച് പൃഥ്വി വിശേഷിപ്പിച്ചതിങ്ങനെയാണ് “വീട്ടിലേക്കുള്ള വഴിയിൽ കളഞ്ഞു കിട്ടിയ മാണിക്യ കല്ല് , അവളിൽ തനിക്കേറ്റവും ഇഷ്ടം അവളുടെ സെൽഫ് റെസ്പെക്റ്റാണെന്ന് മടിയില്ലാതെ പറയുന്ന ഭർത്താവ്. മകളാണ് തെന്റെ ബൊസ്സെന്ന് നിഷ്കളങ്കമായി പറയുന്ന അലംകൃതയുടെ ടാഡ.
20 വർഷങ്ങൾക്ക് ശേഷം ഒരു നടനെന്ന നിലയിൽ താനെങ്ങനെയായിരിക്കണമെന്ന് ഒരിക്കൽ പൃഥ്വി ആഗ്രഹം പറയുകയുണ്ടായി. ‘മിനിമം മൂന്ന് ഭാഷകളിലെങ്കിലും മുൻ നിരയിലറിയപ്പെടുന്ന മലയാളി നടനായി അറിയപ്പെടണം, വളരെ സജീവമായി നല്ല സിനിമകൾ നിർമ്മിക്കുകയും നല്ല കമേർഷ്യയിൽ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഓണർ ആയിരിക്കണം. എനിക്ക് വളരെ താല്പര്യം തോന്നുന്ന പ്രമേയങ്ങൾ സിനിമാ രൂപത്തിലേക്കെത്തിക്കുന്ന സംവിധായകനായിരിക്കണം’. വർഷങ്ങൾക്കിപ്പുറം തന്റെ ആഗ്രഹങ്ങളോരോന്നും ഏറ്റവും മികച്ച രീതിയിൽ സ്വായത്തമാകുന്ന പൃഥ്വിരാജിനെ നമ്മൾ കണ്ടു. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പുറത്തിറക്കിയ “ആട് ജീവിത”ത്തിനെ ജൂറിയിൽ പോലും പരിഗണിക്കാതിരുന്നപ്പോഴും, എനിക്കർഹിച്ച വിജയം പ്രേക്ഷകർ നൽകിയിട്ടുണ്ടെന്ന് വാചാലനായ പൃഥ്വി. നിങ്ങൾക്കിനിയും ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.