‘പുതിയ തീരങ്ങളിൽ നിന്ന്’ ‘മച്ചാന്റെ മാലാഖയോളം’; നമിത പ്രമോദിന് ജന്മദിനാശംസകൾ

','

' ); } ?>

2012 ൽ “പുതിയ തീരങ്ങൾ” എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി മലയാള സിനിമയിലേക്ക് ഒരു പതിനാറുകാരി നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് മലയാളത്തിന്റെ യൂത്തൻ നായകന്മാരുടെയൊക്കെ നായികയായി കൈ നിറയെ ചിത്രങ്ങൾ. തന്റെ ശബ്ദ പ്രാവീണ്യം കൊണ്ടും, അഭിനയ നൈത്ര്യം കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലേക്ക് ചേർത്തു നിർത്തപ്പെട്ട നമിത പ്രമോദ്. “പുതിയ തീരങ്ങൾ” മുതൽ “മച്ചാന്റെ മാലാഖ” വരെ നമിത നൽകിയ സംഭാവനകൾ മികച്ചതാണ്. ലഭിക്കുന്ന വേഷത്തിന്റെ കനത്തിലേക്ക് കഥാപാത്രത്തിന്റെ സ്വാഭാവികതയോളം ചേർന്ന് നിൽക്കാൻ നമിത എന്നും ശ്രദ്ദിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഒരു സ്വയം സംരംഭക കൂടിയാണ് താരം. മലയാളത്തിന്റെ യുവ നായിക നമിത പ്രമോദിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1996 സെപ്റ്റംബർ 19-ന് കോട്ടയത്താണ് നമിതയുടെ ജനനം. ബിസിനസുകാരനായ പ്രമോദിന്റെയും ഇന്ദുവിന്റെയും മൂത്ത മകളാണ് നമിത പ്രമോദ്.അഖിത എന്നൊരു സഹോദരിയുമുണ്ട്. സ്കൂൾ വിദ്യാഭ്യാസം തിരുവനന്തപുരത്തെ കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. തുടർന്ന്, കൊച്ചി സെന്റ് തെരേസാസ് കോളേജിൽ സോഷ്യോളജിയിൽ ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നേടി. പഠനത്തിനും അഭിനയത്തിനുമിടയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അവൾ തുറന്നുപറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ സിനിമാരംഗത്ത് തിരക്കേറിയിരുന്ന കാലത്തും പഠനത്തിൽ മികച്ച പ്രകടനം നമിത തുടർന്നിട്ടുണ്ടായിരുന്നു.

നമിതയുടെ അഭിനയ ജീവിതം വളരെ ചെറുപ്പത്തിലേ ആരംഭിച്ചു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ‘വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസ പുത്രി’ തുടങ്ങിയ സീരിയലുകളിലും ടെലിഫിലിമുകളിലും അഭിനയിച്ചു. 2011-ൽ രാജേഷ് പിള്ളയുടെ നിരൂപക പ്രശംസ നേടിയ ‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം. സഹനടിയായിരുന്നുവെങ്കിലും ആ മുഖം പ്രേക്ഷകർ മറന്നില്ല. 2012-ൽ നിവിൻ പോളിക്കൊപ്പം ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചപ്പോൾ, മലയാള സിനിമയിൽ ഒരു പുതുമുഖ നായികയെ ഏറ്റെടുക്കാൻ പ്രേക്ഷകർ തയ്യാറായിരുന്നു. ശേഷം, നമിത നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.

2013 ൽ ദിലീപിനൊപ്പം, ഹാസ്യത്തിന്റെയും കുടുംബ വിനോദത്തിന്റെയും പ്രിയപ്പെട്ട ചിത്രമായ ‘സൗണ്ട് തോമ’, അതെ വർഷം തന്നെ കുഞ്ചാക്കോ ബോബനൊപ്പം ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, മോഹിനിയാട്ട നർത്തകിയുടെ വേഷം. പരിശീലനം ഇല്ലാതിരുന്നിട്ടും നാല് ദിവസത്തെ പരിശീലനത്തിലൂടെ അഭിനയത്തിൽ പുതുമ ചേർത്ത നായികയായിരുന്നു നമിത. 2014 ൽ കൊങ്കണി ഭാഷ സംസാരിക്കുന്ന ദീപികയായി, ദുൽഖറിനും, ഉണ്ണി മുകുന്ദനുമൊപ്പം ‘വിക്രമാദിത്യൻ’. അതെ വർഷം വീണ്ടും ദിലീപിനൊപ്പം ‘വില്ലാളി വീരൻ’ ചെയ്തു.

2015 ൽ ദിലീപ് ചിത്രം ‘ചന്ദ്രേട്ടൻ എവിടെയാ’യിലൂടെ ഡോ. ഗീതാഞ്ജലി എന്ന കഥാപാത്രം അവതരിപ്പിച്ചപ്പോൾ, മികച്ച സഹനടിക്കുള്ള ഫിലിംഫെയർ നോമിനേഷൻ നേടി. പൃഥ്വിരാജിനൊപ്പം അമർ അക്ബർ ആന്റണിയു, ധ്യാനിനൊപ്പം അടി കപ്യാരെ കൂട്ടമണിയും നമിത അതേ വർഷം ചെയ്തു.

2018 ൽ വീണ്ടും ദിലീപിനൊപ്പം തന്നെ ചരിത്രവും കല്പിതവും മിക്സുചെയ്ത ചിത്രം ‘കമ്മാരസംഭവം’ ചെയ്തു. തുടർന്ന് അൽ മല്ലു, ഈഷോ, എന്നിവ ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നമിത നായികയായി. എൻ കാതൽ പുധിതു, നിമിർ, ചുട്ടലബ്ബായി, കഥലോ രാജകുമാരി തുടങ്ങി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

സിനിമാരംഗത്ത് എത്തിയിട്ട് കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ നിരവധി അവാർഡുകളും അംഗീകാരങ്ങളും നമിത സ്വന്തമാക്കി. 2013 – പുതിയ തീരങ്ങൾ വഴി അമൃത ഫിലിം അവാർഡിലെ വർഷത്തിലെ പുതുമുഖ നായിക അവാർഡ്. 2014 – പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും വഴി ഏഷ്യാനെറ്റ് ഫിലിം അവാർഡിലെ ജനപ്രിയ നടി, 2015 – ഓർമ്മയുണ്ടോ ഈ മുഖം , വിക്രമാദിത്യൻ എന്നിവ വഴി വനിത ഫിലിം അവാർഡുകൾ – മികച്ച താരജോഡി, 2016 – ചന്ദ്രേട്ടൻ എവിടെയാ വഴി ഫിലിംഫെയർ – മികച്ച സഹനടിക്കുള്ള നാമനിർദ്ദേശം, അമർ അക്ബർ ആന്റണി – വനിത ഫിലിം അവാർഡ് – ഏറ്റവും ജനപ്രിയ നടി

സിനിമക്ക് പുറമെ ഭീമ ജ്വല്ലേഴ്‌സ്, ഫ്രാൻസിസ് ആലുക്കാസ്, റിപ്പിൾ ടീ പോലുള്ള പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലും നമിതയുടെ മുഖം ജനകീയമായി. റിയാലിറ്റി ഷോകളിലും നമിത സജീവമായിരുന്നു. “നിങ്ങൾക്കും ആകാം കോടീശ്വരൻ” പോലുള്ള പരിപാടികളിൽ അവളുടെ ലളിതമായ അവതരണം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

2023-ൽ, കൊച്ചിയിലെ പനമ്പിള്ളി നഗരത്തിൽ ഒരു വിന്റേജ് കഫേയായ “സമ്മർ ടൗൺ കഫേ” സ്ഥാപിച്ചു. അഭിനയത്തിനൊപ്പം വ്യവസായ രംഗത്തും കഴിവ് തെളിയിച്ചിരിക്കുകയാണ് നമിത.

നമിതയെ മറ്റുള്ള നടിമാരിൽ നിന്ന് വേറിട്ടു നിർത്തുന്നത്, അഭിനയത്തിന് പുറമെ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയും വ്യക്തിജീവിതത്തിലെ സമതുലിതത്വവുമാണ്. “പഠനത്തിന് വിട്ടുവീഴ്ച ചെയ്യില്ല” എന്ന അവളുടെ പ്രസ്താവന ഇന്ന് പല യുവതികൾക്കും പ്രചോദനമാണ്. സ്ക്രീനിൽ കാണുന്ന കഥാപാത്രങ്ങൾ പോലെ, ജീവിതത്തിലും പുതുമയും, ആത്മവിശ്വാസവും, കൈമുതലാക്കിയ താരമാണ് നമിത. ഇന്ന്, സെപ്റ്റംബർ 19, 2025 – നമിത പ്രമോദ് തന്റെ 29-ാം ജന്മദിനം ആഘോഷിക്കുന്നു. 15 വർഷത്തിലേറെയായി സിനിമാരംഗത്ത് സജീവമായി തുടരുന്ന നമിതയ്ക്ക് മലയാള സിനിമയിൽ മുന്നോട്ടുള്ള യാത്രയിൽ അനന്തമായ സാധ്യതകളുണ്ട്. ഇനിയും മികച്ച കഥാപാത്രങ്ങൾ നൽകി വിസ്മയിപ്പിക്കാൻ നമിതയ്ക്കാവട്ടെ എന്നാശംസിക്കുന്നു. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.