
ഒരു തെന്നിന്ത്യൻ നടിയാണെങ്കിൽ കൂടി മലയാളികൾക്കേറെ പ്രിയപ്പെട്ട നായികയാണ് “ഖുശ്‌ബു സുന്ദർ”. “ചിന്ന തമ്പി” എന്ന ഒറ്റ ചിത്രം കൊണ്ട് ഭാഷാ ഭേദമന്യേ ഖുശ്‌ബു സൃഷ്‌ടിച്ച ആരാധകർ ഇന്നത്തെ നായികമാർക്കൊക്കെ സ്വപ്ന തുല്യമാണ്. ‘ഇഡലി മുതൽ സാരി’ വരെ ഖുശ്‌ബു എന്ന പേരിൽ തമിഴ് നാട്ടിൽ ചൂടപ്പം പോലെ വിറ്റ വാർത്തകൾ ഇന്നും കൗതുകം. ആരാധന ഭ്രമമായി അമ്പലം പണിതതും ഇതേ ഖുശ്ബുവിന്റെ പേരിൽ. കഥാപാത്രങ്ങളുടെ ആഴമറിഞ്ഞ്, ഭാഷയ്ക്കും കാലഘട്ടത്തിനുമനുസരിച്ച് തന്നെ കഥാപാത്രത്തിലേക്ക് ചേർത്തു വെക്കുന്നതാണ് ഖുശ്‌ബു എന്ന നടിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു നായികാ എന്നതിലപ്പുറം, ശക്തമായ രാഷ്ട്രീയ നിരീക്ഷണവും പാടവവുമുള്ള ജനനായിക കൂടിയാണവർ. ഇന്ന് 55 ആം ജന്മദിനമാഘോഷിക്കുന്ന തെന്നിന്ത്യയിലെ സ്ക്രീൻ ക്വീൻ ഖുശ്‌ബു സുന്ദറിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1970 സെപ്റ്റംബർ 29-ന് ബോംബെയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച നഖത് ഖാൻ എന്ന പെൺകുട്ടിയാണ് പിന്നീട് ഇന്ത്യയിലെ ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി, തുടർന്ന് രാഷ്ട്രീയ വേദികളിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന കരുത്തുറ്റ വനിതയായി മാറിയത്. ഇന്ന്, നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച്, വിവിധ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടി, സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും തന്റെ ശക്തമായ സാന്നിധ്യം പ്രകടിപ്പിക്കുന്ന ഒരാളാണ് ഖുഷ്ബു സുന്ദർ.
ബാലതാരമായാണ് ഖുശ്ബുവിന്റെ തുടക്കം. 1980-ൽ പുറത്തിറങ്ങിയ ‘ദ ബേണിംഗ് ട്രെയിൻ’ എന്ന ഹിന്ദി ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് അവർ ആദ്യമായി വെള്ളിത്തിരയിലെത്തിയത്. തുടർന്ന് ‘നസീബ്, ലാവാരിസ്, കാലിയ, ദർദ് കാ റിഷ്ത, ബെമിസൽ’ എന്നീ ഹിന്ദി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ‘1985-ൽ പുറത്തിറങ്ങിയ ‘മേരി ജംഗ്’ എന്ന ഹിന്ദി ചിത്രം ഖുഷ്ബുവിന്റെ യുവതാരപ്രവേശനമായിരുന്നു. ജാക്കി ഷറോഫിനൊപ്പമുള്ള ‘ജാനു’, ഗോവിന്ദയുമായി ചേർന്ന് അഭിനയിച്ച ‘തൻ-ബദൻ’, ആമിർ ഖാനും മാധുരി ദീക്ഷിത്തും ചേർന്ന ‘ദീവാന മുജ് സാ നഹിൻ’ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവർ അവതരിപ്പിച്ചു.
എന്നാൽ, ഖുശ്ബുവിന് കൂടുതൽ ജനപ്രീതി നേടിക്കൊടുത്തത് തെക്കേന്ത്യൻ സിനിമകളായിരുന്നു. തെലുങ്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിന്റെ ‘കലിയുഗ പാണ്ഡാവുലു’ (1986) ഖുഷ്ബുവിനെ തെക്കേന്ത്യയിലേക്ക് പരിചയപ്പെടുത്തി. തുടർന്ന് അവർ ചെന്നൈയിലേക്ക് സ്ഥിരതാമസം മാറി, തമിഴ് സിനിമയിലാണ് ഖുശ്ബുവിന്റെ കലാജീവിതത്തിന്റെ ഉയർച്ച കണ്ടെത്തിയത്.
1988-ലെ ‘ധർമ്മത്തിൻ തലൈവൻ’ മുതൽ 1990-കളുടെ തുടക്കത്തിലെ ‘വർഷം 16, കിഴക്ക് വാസൽ, നദിഗൻ എന്നിവ വരെയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും 1991-ലെ ചിന്ന തമ്പി ഖുഷ്ബുവിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തി. ഇന്നും തമിഴ് സിനിമാപ്രേക്ഷകർക്ക് “ചിന്ന തമ്പിയുടെ നായിക” ഖുഷ്ബുവിനുള്ള ആരാധന വിസ്മരിക്കാനാവാത്തതാണ്.
തമിഴ് സിനിമയിലെ നായികമാരിൽ ഏറെകാലം പ്രഥമ നായിക സ്ഥാനം നിലനിർത്തിയ ഖുഷ്ബു, കുടുംബപ്രേക്ഷകർക്കിടയിൽ നിലയുറപ്പിക്കാൻ അടിവരയിട്ടു ചിത്രങ്ങളായിരുന്നു. ‘നാട്ടുപുര പാട്ട്, ഇരട്ടൈ റോജ, എട്ടുപട്ടി രസ, പത്തിനി, സിമ്മരസി എന്നിവിടങ്ങളിൽ അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ അവരുടെ അഭിനയവൈവിധ്യത്തിന് തെളിവുകളാണ്.
നിർമ്മാണ സ്ഥാപനമായ ‘അവ്‌നി സിനിമാക്‌സ്’ വഴി ഭർത്താവ് സുന്ദർ സിയോടൊപ്പം നിർമ്മാതാവായും ഖുഷ്ബു സജീവമായി. ടെലിവിഷൻ അവതാരകയായും, വിവിധ ഷോകളിൽ വിധികർത്താവായും, വീട്ടമ്മയായും അവരെ ജനങ്ങൾ കാണുകയും അടുത്തറിഞ്ഞു സ്‌നേഹിക്കുകയും ചെയ്തു.
2010-ൽ ഖുഷ്ബു ദ്രാവിഡ മുന്നേറ്റ കഴകിൽ ചേർന്ന് രാഷ്ട്രീയജീവിതം ആരംഭിച്ചു. എന്നാൽ പിന്നീട് കോൺഗ്രസിലേക്കും, തുടർന്ന് 2020-ൽ ഭാരതീയ ജനതാ പാർട്ടിയിലേക്കും ചേർന്നു. ഇന്ന് അവർ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ്. 2025-ൽ തമിഴ്‌നാട് ബി.ജെ.പി വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ടത് അവരുടെ രാഷ്ട്രീയ യാത്രയിലെ മറ്റൊരു നിർണായക ഘട്ടമായി.
ജല്ലിക്കട്ടിന് വേണ്ടി അവർ വാദിച്ചു, ഇന്ത്യൻ സിനിമയിൽ ദക്ഷിണേന്ത്യൻ സിനിമകൾക്കും ആവശ്യമായ അംഗീകാരം ലഭിക്കണമെന്ന് ആഗോള വേദികളിൽ ശക്തമായി മുന്നോട്ടുവച്ചു. ഓസ്‌ട്രേലിയയിലെ റിച്ച്മണ്ട് ഫുട്‌ബോൾ ക്ലബ്ബിന്റെ “നമ്പർ 1 ടിക്കറ്റ് ഉടമ”യായി തെരഞ്ഞെടുക്കപ്പെട്ടത്, ഇന്ത്യൻ വനിതയ്ക്ക് ലഭിച്ച ഒരു അപൂർവ്വ ബഹുമതിയായിരുന്നു.
ഒരു നടിക്കായി ക്ഷേത്രം പണിതു ആരാധിച്ച അപൂർവ്വ സ്നേഹം ഖുശ്ബുവിന് സ്വന്തമാണ്. “ഖുഷ്ബു ഇഡ്ലി” മുതൽ “ഖുഷ്ബു സാരികൾ” വരെ, അവരുടെ പേരിൽ തമിഴ്‌നാട്ടിലെ ഭക്ഷണവസ്തുക്കൾക്കും ഉൽപ്പന്നങ്ങൾക്കും ലഭിച്ചു. ഒരു താരത്തിന്റെ പേരിനെ ഒരു ജനതയുടെ സംസ്കാരത്തിന്റെ ഭാഗമായി മാറ്റിയ അപൂർവ്വ കാഴ്ചയായിരുന്നു അത്. ചിന്ന തമ്പി യിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സിനിമാ എക്സ്പ്രസ് അവാർഡും, ഇരട്ടൈ റോജ യ്ക്കുള്ള അവാർഡും, കലൈമാമണി ബഹുമതിയും, തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഖുഷ്ബുവിന്റെ കരിയറിനെ അലങ്കരിക്കുന്നുണ്ട്.
2000-ൽ സംവിധായകനും നടനുമായ സുന്ദർ സിയെ വിവാഹം കഴിച്ച ഖുഷ്ബുവിന് അവന്തികയും ആനന്ദിതയും എന്നിങ്ങനെ രണ്ട് പുത്രിമാരുണ്ട്. മതപരമായി മുസ്ലിം കുടുംബത്തിൽ ജനിച്ചെങ്കിലും പിന്നീട് താൻ നിരീശ്വരവാദിയാണെന്ന് താരം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഭ സിനിമ, രാഷ്ട്രീയം, സാമൂഹികപ്രവർത്തനം എന്നിവയിൽ ഒപ്പത്തിനൊപ്പം നടന്നുപോകുന്ന വനിതയാണ് ഖുഷ്ബു.
വിവാഹത്തിന് മുമ്പുള്ള ലൈംഗികതയെക്കുറിച്ചുള്ള പ്രസ്താവനയിൽ നിന്ന് മാക്സിം മാസിക പ്രസിദ്ധീകരിച്ച മോർഫ് ചെയ്ത ചിത്രം, മതപരമായ സംഘർഷങ്ങൾ, രാഷ്ട്രീയവേദികളിലെ വാക്കുതർക്കങ്ങൾ തുടങ്ങി നിരവധി വിവാദങ്ങൾ ഖുഷ്ബുവിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ വിവാദങ്ങൾക്കിടയിലും അവർ കരുത്തോടെ മുന്നേറി, സ്വയം വിശ്വസിക്കുന്ന വഴികളിലൂടെ നടന്നുപോന്നു. സിനിമയിലെ സ്‌ക്രീൻക്വീൻ, ജനഹൃദയങ്ങളിൽ ക്ഷേത്രമായി ഉയർന്ന താരപ്രതിമ, രാഷ്ട്രീയ വേദികളിൽ കരുത്തുറ്റ വനിത, കുടുംബജീവിതത്തിൽ സ്നേഹസമ്പന്നയായ അമ്മയും ഭാര്യയും എന്നിങ്ങനെ ഖുശ്ബുവിന് വിശേഷണങ്ങളേറെയാണ്. ഇന്ത്യൻ സിനിമയുടെ കരുത്തുറ്റ സ്ക്രീൻ ക്യൂനിന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.