കഥ തിരക്കഥ സംഭാഷണം സംവിധാനം സ്‌റ്റൈലില്‍ ഒരു പിറന്നാള്‍ ആശംസ

ഭാര്യ തനിയ്ക്ക് പിറന്നാളാശംസ നേര്‍ന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ‘എനിക്കറിയാം നിങ്ങള്‍ ഏവരും മനസ്സുകൊണ്ട് എന്നെ ആശംസിക്കുന്നുണ്ട് എന്ന്. ഇല്ലെങ്കില്‍ ഇത്രയും കാലം ഒറ്റയ്ക്ക് ഞാന്‍ ഇവിടെ വാടാതെ നില്‍ക്കില്ല …അമ്മയാണെ സത്യം’… എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ…

രാവിലെ ഉണര്‍ന്നപ്പോള്‍ ഭാര്യ വക ഒരു ചോദ്യം .
‘ഇത് ഏതു മാസമാണ് , അറിയാമോ ?’
‘പിന്നെന്താ ? ഡിസംബര്‍ ….ന്യൂ ഇയറിനുള്ള കാത്തിരിപ്പല്ലേ ‘
എന്റെ കൗണ്ടര്‍ ..
‘ഇംഗ്ലീഷ് മാസമാണ് പറഞ്ഞത് …മലയാളമാസം?
‘ഒരു നിമിഷം ഞാന്‍ ഒന്ന് പരുങ്ങി .
ഉള്ളത് പറഞ്ഞാല്‍ , എനിക്കറിയില്ല എന്ന് പറയാന്‍ എനിക്ക് ലജ്ജ തോന്നി . ലജ്ജിച്ചു കൊണ്ടുതന്നെ ഞാന്‍ പറഞ്ഞു .
‘എനിക്കറിയില്ല ‘
‘എന്നാല്‍ ധനുമാസമാണ് …’
‘സോറി ..എനിക്കറിയില്ലായിരുന്നു …’
‘എന്നാല്‍ ഇന്നെന്താ നക്ഷത്രം എന്നറിയാമോ’?
‘ഇല്ല..എനിക്കറിയില്ലാ ..
ഇപ്പോള്‍, എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യത്തിന് മുന്നില്‍ എന്ന പോലെ എനിക്കൊരു ‘ചൂളല്‍’
‘പറയാം ..ധനുമാസത്തിലെ ഉത്രട്ടാതി .. ചന്ദ്രേട്ടന്റെ പിറന്നാള്‍ …സ്വന്തം പിറന്നാള്‍ എങ്കിലും ഓര്‍ത്ത് വെക്കണ്ടേ ?
വായനക്കാര്‍ കേള്‍ക്കുക . എല്ലാവര്‍ക്കും എല്ലാം ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടാണ് എന്റെ കാര്യത്തില്‍’ ബെര്‍ത്ത് ഡേകള്‍ ‘ ഞാന്‍ ഓര്‍ക്കാറില്ല . എന്റെ മാത്രമല്ല , ഭാര്യയുടെയോ മക്കളുടെയോ ബര്‍ത്ത് ഡേ ഓര്‍മ്മയില്ല .ആകെ ഓര്‍മ്മിക്കാറുള്ളത് മെയ് 12 എന്ന എന്റെ വിവാഹദിവസം മാത്രം . എന്തെന്നാല്‍ , ആ ദിവസമാണല്ലോ എന്റെ ജീവിതം ‘അടിമുടി’ മാറ്റി മറിച്ചത് … ഹ..ഹ.
എങ്ങിനെ എന്ന് വിശദീകരിക്കാന്‍ തല്‍ക്കാലം സെന്‍സറിങ് അനുവദിക്കുന്നില്ല .
എന്റെ കണക്കില്‍ എന്റെ പിറന്നാള്‍ ജനുവരി 11 നാണ്. അത് മറക്കാതിരിക്കാന്‍ ദാസേട്ടന്റെ ( യേശുദാസ് ) പിറന്നാള്‍ കൃത്യം ജനുവരി 10 നു മുടക്കമില്ലാതെ വരും , എന്റെ പിറന്നാളിന്റെ ഒരു െ്രെടലര്‍ പോലെ…ഹ..ഹ..
ഏതായാലും ഭാര്യ മലയാള മാസത്തിലെ എന്റെ പിറന്നാള്‍ പ്രഖ്യാപിച്ചതുകൊണ്ടു എനിക്കൊരു കടമ ബാക്കി നില്‍ക്കുന്നു . ബാലചന്ദ്ര മേനോന് പിറന്നാള്‍ ആശംസകള്‍ ആദ്യം ഞാന്‍ തന്നെ നേര്‍ന്നു കൊള്ളുന്നു .! ( ഒരുവന്‍ സ്വയം ആശംസിക്കുക,? ,ഇപ്പോഴത്തെ നാട്ടുനടപ്പ് ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ യാണല്ലോ ) ഹ ഹ..
ആഹാ ….എന്ത് സുഖം !
എന്തൊരു സ്വയം പര്യാപ്തത !
കഥ തിരക്കഥ സംഭാഷണം സംവിധാനം സ്‌റ്റൈലില്‍ ഒരു പിറന്നാള്‍ ആശംസ !
എനിക്കറിയാം നിങ്ങള്‍ ഏവരും മനസ്സുകൊണ്ട് എന്നെ ആശംസിക്കുന്നുണ്ട് എന്ന് . ഇല്ലെങ്കില്‍ ഇത്രയും കാലം ഒറ്റയ്ക്ക് ഞാന്‍ ഇവിടെ വാടാതെ നില്‍ക്കില്ല …അമ്മയാണെ സത്യം !