‘ഋതു’മുതൽ- രേഖാചിത്രം വരെ; മലയാളത്തിന്റെ ആസിഫ് അലിക്ക് ജന്മദിനാശംസകൾ

','

' ); } ?>

മലയാള സിനിമയിലെ ‘യുവനിരയിലെ പ്രഗത്ഭൻ‘ എന്ന് നിസംശയം വിളിക്കാവുന്ന നടനാണ് ആസിഫ് അലി. താരപ്രഭയേക്കാൾ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയും, കാലത്തോടൊപ്പം സ്വയം പുതുക്കിക്കൊണ്ടുമാണ് ആസിഫ് അലി തന്റെ അഭിനയജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. ശ്യാമപ്രസാദിന്റെ ‘ഋതു’മുതൽ ജോഫിൻ ടി ചാക്കോയുടെ രേഖാചിത്രം വരെ ആസിഫ് എന്ന നടനിലെ ഏറ്റവും മൂർച്ച കൂടിയ ഭാവങ്ങൾക്കാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. ഇന്ന് അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, രണ്ട് പതിറ്റാണ്ടിനോടടുക്കുന്ന ആസിഫിന്റെ സിനിമാജീവിതം പരിശോധിച്ചാൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളുടെ ഒരു വലിയ നിരതന്നെ കാണാൻ സാധിക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ആസിഫ്, തുടക്കകാലത്ത് ഒരു ചോക്ലേറ്റ് ഹീറോ ഇമേജിലായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ കാലക്രമേണ ആ തടവറയിൽ നിന്ന് പുറത്തുകടന്ന്, അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിനയശൈലിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സ്വാഭാവികതയാണ്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തെയും ആഴത്തിൽ ഉൾക്കൊള്ളാനും, അതിശയോക്തിയില്ലാതെ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിയുന്നു. ‘സാൾട്ട് ആൻഡ് പെപ്പർ’, ‘ഹണി ബീ’ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന് ഒരു യൂത്ത് ഐക്കൺ പരിവേഷം നൽകിയപ്പോൾ, ‘അനുരാഗ കരിക്കിൻ വെള്ളം’, ‘കെട്ടിയോളാണ് എന്റെ മാലാഖ’ തുടങ്ങിയ ചിത്രങ്ങൾ ഒരു നടൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പക്വത തെളിയിക്കുന്നവയായിരുന്നു. ​ഈ അടുത്ത കാലത്തിറങ്ങിയ ‘കൂമൻ’, ‘തലാഷി’, ‘കിഷ്കിന്ധാ കാണ്ഡം’ തുടങ്ങിയ സിനിമകളിൽ ആസിഫ് അലി പുലർത്തിയ അഭിനയ മികവ് അദ്ദേഹത്തെ മലയാളത്തിലെ ഏറ്റവും മികച്ച പെർഫോമേഴ്സിൽ ഒരാളായി ഉറപ്പിച്ചു കഴിഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ വൈകാരിക രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ കൈയടക്കം എടുത്തുപറയേണ്ടതാണ്. പരാജയങ്ങളിൽ തളരാതെ, ഓരോ സിനിമയിലൂടെയും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന ആസിഫ് അലി, മലയാള സിനിമയിലെ സമാനതകളില്ലാത്ത പോരാളിയാണ്.

1986 ഫെബ്രുവരി 4-ന് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള കാരിക്കോട് എന്ന ഗ്രാമത്തിലാണ് ആസിഫ് അലി ജനിച്ചത്. മരവെട്ടിക്കൽ വീട്ടിലെ എം. പി. ഷൗക്കത്ത് അലിയുടെയും മോളിയുടെയും മകനായി ജനിച്ച ആസിഫിന് സാമൂഹികവും സാംസ്കാരികവുമായ ഒരു പശ്ചാത്തലമുണ്ടായിരുന്നു. പിതാവ് തൊടുപുഴ മുൻസിപ്പൽ ചെയർമാനായിരുന്നതിനാൽ പൊതുജീവിതത്തിന്റെ ചൂടും വെളിച്ചവും ബാല്യകാലം മുതലേ ആസിഫ് കണ്ടറിഞ്ഞിരുന്നു. തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ പുത്തൻകുരിശ് രാജർഷി മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കുട്ടിക്കാനം മരിയൻ കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി. പഠനകാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും പ്രവർത്തിച്ചിരുന്ന ആസിഫ്, കലാരംഗത്തോടുള്ള അടുപ്പം പ്രകടിപ്പിച്ചു. “ഹിമമഴയിൽ” എന്ന ആൽബത്തിലെ “ആദ്യമായി” എന്ന ഗാനത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും, അതുവഴിയാണ് സിനിമയുടെ വാതിലുകൾ തുറക്കപ്പെടുകയും ചെയ്തത്.

2009-ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പുതുമുഖങ്ങളെ അണിനിരത്തിയ ഈ ചിത്രത്തിൽ നിഷാൻ, റിമ കല്ലിങ്കൽ തുടങ്ങിയവരോടൊപ്പം അഭിനയിച്ച ആസിഫ്, ആദ്യ ചിത്രത്തിലേ തന്നെ തന്റെ സ്വാഭാവിക അഭിനയശൈലിയിലൂടെ ശ്രദ്ധ നേടി. ശ്രദ്ധേയമായ ഒരു പ്രത്യേകത എന്തെന്നാൽ, ഈ ചിത്രം റിലീസ് ചെയ്ത ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. അത്രമേൽ നിശബ്ദമായാണ് അദ്ദേഹം തന്റെ യാത്ര ആരംഭിച്ചത്.

ഋതു വിന് പിന്നാലെ സത്യൻ അന്തിക്കാടിന്റെ അൻപതാമത്തെ ചിത്രമായ ‘കഥ തുടരുന്നു’ (2010) ആസിഫിന്റെ രണ്ടാമത്തെ സിനിമയായി. ജയറാം, മംത മോഹൻദാസ് എന്നിവർക്കൊപ്പം ഒരു പ്രധാന വേഷം ചെയ്യാൻ കഴിഞ്ഞത് അദ്ദേഹത്തിന് വലിയ അവസരമായിരുന്നു. മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത ‘അപൂർവരാഗം’. ഈ ചിത്രമാണ് ആസിഫ് അലിക്ക് വ്യക്തമായ തിരിച്ചറിയലും പ്രശസ്തിയും നൽകിയത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തിലൂടെ അദ്ദേഹം അഭിനയപരമായ കഴിവ് തെളിയിച്ചു. ഈ വേഷത്തിന് ഏഷ്യാനെറ്റ് ഫിലിം അവാർഡ് മികച്ച വില്ലൻ ലഭിച്ചതും അദ്ദേഹത്തിന്റെ കരിയറിലെ വലിയ നേട്ടമായിരുന്നു. തുടർന്ന് ബെസ്റ്റ് ഓഫ് ലക്ക്, ഇത് നമ്മുടെ കഥ, വയലിൻ തുടങ്ങിയ ചിത്രങ്ങളിൽ നായകനായി. എന്നാൽ ‘ട്രാഫിക്’ (2011), ‘സാൾട്ട് ആന്റ് പെപ്പർ’ (2011) എന്നീ സിനിമകളാണ് ആസിഫിനെ മലയാള സിനിമയുടെ പുതിയ തലമുറയിലെ പ്രധാന താരമാക്കി മാറ്റിയത്. പ്രത്യേകിച്ച് സാൾട്ട് ആന്റ് പെപ്പർയിലെ മനു രാഘവ് എന്ന കഥാപാത്രം, ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവനുള്ളതാണ്.

ആസിഫ് അലിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്, റിസ്ക് എടുക്കാൻ തയ്യാറാകുന്ന മനസ്സ് തന്നെയാണ്. ഒഴിമുറി പോലുള്ള പീരിയഡ് ഡ്രാമ, ഹണി ബീ പോലുള്ള യുവജന സിനിമ, നിർണ്ണായകം പോലുള്ള സാമൂഹിക പ്രാധാന്യമുള്ള ചിത്രം എല്ലാം തന്നെ അദ്ദേഹത്തിന്റെ വൈവിധ്യത്തെ തെളിയിക്കുന്നു. 2013-ലെ ഹണി ബീ ആ വർഷത്തെ പ്രധാന ഹിറ്റുകളിൽ ഒന്നായി. 2015-ൽ പുറത്തിറങ്ങിയ ‘നിർണ്ണായകം’ അദ്ദേഹത്തിന്റെ കരിയറിലെ നിർണായക വഴിത്തിരിവായി. ഈ ചിത്രത്തിന് മികച്ച സാമൂഹിക വിഷയചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. ആസിഫിന്റെ പ്രകടനം നിരൂപക പ്രശംസ നേടി. അനുരാഗ കരിക്കിൻ വെള്ളം (2016), സൺഡേ ഹോളിഡേ (2017), ബി.ടെക് (2018), വിജയ് സൂപ്പറും പൗർണമിയും (2019) തുടങ്ങിയ സിനിമകൾ അദ്ദേഹത്തെ ബോക്‌സ് ഓഫീസ് വിജയത്തിന്റെ പാതയിൽ നിലനിർത്തി.

2015-ൽ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ എന്ന നിർമ്മാണ കമ്പനിയിലൂടെ ‘കോഹിനൂർ’ നിർമ്മിച്ച് ആസിഫ് നിർമ്മാതാവായും അരങ്ങേറ്റം കുറിച്ചു. പിന്നീട് കവി ഉദ്ധേശിച്ചത് നിർമ്മിക്കുകയും വിമാനം, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സിനിമയെ വെറും അഭിനയത്തിന്റെ പരിധിയിൽ മാത്രമല്ല, സമഗ്രമായി കാണുന്ന കലാകാരനാണ് ആസിഫ് അലി എന്നതിന്റെ തെളിവാണിത്. ഉയരെ, വൈറസ്, ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്നീ സിനിമകളിലൂടെ അദ്ദേഹം തന്റെ അഭിനയജീവിതത്തിലെ മറ്റൊരു ഉയരം തൊട്ടു. പ്രത്യേകിച്ച് ഉയരെയിലെ ഗോവിന്ദ് ബാലകൃഷ്ണൻ, വൈറസിലെ വിഷ്ണു ഭാസ്കരൻ എന്നീ കഥാപാത്രങ്ങൾ, കഥയുടെ ആത്മാവായി മാറിയ പ്രകടനങ്ങളായിരുന്നു.

2020-ന് ശേഷം എല്ലാം ശരിയാകും, കുഞ്ഞെൽദോ, കുട്ടവും ശിക്ഷയും, കൂമാൻ, കാപ്പ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തുടർച്ചയായി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. ലെവൽ ക്രോസ്, കിഷ്കിന്ധ കാണ്ഡം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലെ പ്രത്യേക ജൂറി അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ വലിയ അംഗീകാരമായി. 2013 മേയ് 26-ന് കണ്ണൂർ സ്വദേശിനിയായ സമ മസ്രിനുമായി ആസിഫ് അലി വിവാഹിതനായി. രണ്ടു മക്കളുള്ള അദ്ദേഹം കുടുംബജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയത്തെ കുറിച്ച് അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. വാണിജ്യവിജയവും കലാമൂല്യവും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ആസിഫ് അലി. താരമാകാൻ അല്ല, നല്ല കഥാപാത്രങ്ങൾ ചെയ്യാൻ എന്ന ലക്ഷ്യത്തോടെ സിനിമ തിരഞ്ഞെടുക്കുന്ന സമീപനമാണ് അദ്ദേഹത്തെ ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും വിശ്വസനീയ നടന്മാരിലൊരാളാക്കിയത്.

ഇന്ന്, തന്റെ ജന്മദിനത്തിൽ, മലയാള സിനിമയ്ക്ക് ഇനിയും അനവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാനുള്ള യാത്രയിലാണ് ആസിഫ് അലി. വിനയവും ആത്മാർത്ഥതയും ആയുധമാക്കി മുന്നേറുന്ന ഈ കലാകാരന്, വരാനിരിക്കുന്ന വർഷങ്ങൾ കൂടുതൽ ഉയരങ്ങളും അംഗീകാരങ്ങളും സമ്മാനിക്കട്ടെ. മലയാളത്തിലെ ഏറ്റവും മികച്ച നടന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.