മലയാളത്തിന്റെ ‘മുഖശ്രീ’ ‘അനുശ്രീ’ക്ക് ജന്മദിനാശംസകൾ

','

' ); } ?>

ഗ്രാമീണതയുടെ നിഷ്കളങ്കതയും, സ്വാഭാവികമായ അഭിനയ ശൈലിയും കൈമുതലാക്കി മലയാള സിനിമയിലേക്ക് കയറി വന്ന ഒരു നാടൻ പെൺകുട്ടി. ഒരു പതിറ്റാണ്ടിനിപ്പുറം നീളുന്ന അഭിനയ ജീവിതത്തിനപ്പുറവും ആ പെൺകുട്ടിയുടെ നിഷ്കളങ്കതയും, ഗ്രാമീണത്വവും ഇന്നും മാറ്റമേതുമില്ലാതെ നില നിൽക്കുന്നു. മില്ലേനിയത്തിന്റെ അമരക്കാരൻ സജി മില്ലേനിയത്തിന്റെ നായികയായി ആൽബങ്ങളിലൂടെ തുടക്കം. പിന്നീട് സിനിമയിൽ സഹതാരമായും, സ്വഭാവ നായികയായും വളർന്ന്, ഇന്ന് മലയാള സിനിമയുടെ മുൻ നിര നായികമാരിൽ തന്റേതായൊരു സ്ഥാനം നേടിയെടുത്ത മലയാളത്തിന്റെ “അനുശ്രീ”. അനുശ്രീക്കിന്ന് ജന്മദിനമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട നായികയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1990 ഒക്ടോബർ 24-ന് കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ കുമുകഞ്ചേരി ഗ്രാമത്തിലാണ് അനുശ്രീയുടെ ജനനം. തറ പദവിയുടെ ഉച്ചിയിൽ നിൽക്കുമ്പോഴും കുമുകഞ്ചേരിക്കാരുടെ അനു തന്നെയാണ് അനുശ്രീയിന്നും. നാട്ടിലെ ഉത്സവങ്ങൾക്കും, പരിപാടികളിലും താര ജാഡയില്ലാതെ നാട്ടുകാരിയെപോലെ കൂടെ നിന്ന് പങ്കെടുത്ത് വിജയിപ്പിക്കുന്ന അനു മറ്റുള്ളവർക്കെന്നും അത്ഭുതവും പ്രചോദനവുമായിരുന്നു.
ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായ മുരളീധരൻ പിള്ളയും ശോഭയുമാണ് മാതാപിതാക്കൾ. സഹോദരൻ അനൂപ്.

ആൽബങ്ങൾക്കൊപ്പം തന്നെ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു റിയാലിറ്റി ഷോയിൽ അനു പങ്കെടുത്തിരുന്നു. അവിടെ നിന്ന് സംവിധായകൻ ലാൽ ജോസാണ് അനുശ്രീയെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. അദ്ദേഹത്തിന്റെ ചിത്രമായ ഡയമണ്ട് നെക്‌ലെയ്സ് (2012) എന്ന സിനിമയിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായി അനുശ്രീ എത്തി. അത് തന്നെയായിരുന്നു അവളുടെ കരിയറിന്റെ അടിത്തറയും.

ആ ചിത്രത്തിൽ വേഷം ചെറുതായിരുന്നുവെങ്കിലും, അഭിനയത്തിലെ നൈസർഗികതയും മുഖഭാവങ്ങളുടെ തീക്ഷണതയും അവളെ ശ്രദ്ധേയയാക്കി. പിന്നാലെ വന്ന ‘റെഡ് വൈൻ, വെടിവഴിപാട്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്നിവയിലൂടെ അനുശ്രീ തന്റെ പരിധികൾ വികസിപ്പിച്ചു. എന്നാൽ അവളെ മലയാളികൾ ഹൃദയത്തിൽ ഇടം നൽകിയത് ചന്ദ്രേട്ടൻ എവിടെയായും മഹേഷിന്റെ പ്രതികാരത്തിലൂടെയുമായിരുന്നു.

മഹേഷിന്റെ പ്രതികാരത്തിലെ “സൗമ്യ”യുടെ വേഷം അനുശ്രീയുടെ കരിയറിലെ വഴിത്തിരിവായി. അതിലെ മൃദുലമായ സ്നേഹാഭിനയവും ഗ്രാമീണ സ്ത്രീയുടെ എളിമയും ചേർന്ന പ്രകടനം പ്രേക്ഷകമനസ്സിൽ ഒരു സ്വതന്ത്രമായ സ്ഥാനം ഉറപ്പിച്ചു. അതിനുശേഷം ‘ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ട്ണർ, ആംഗ്രി ബേബീസ് ഇൻ ലവ്’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ അവൾ അഭിനയത്തിന്റെ വൈവിധ്യം തെളിയിച്ചു.

അനുശ്രീയുടെ അഭിനയത്തിൽ ഇപ്പോഴും ഒരു “മലയാളിത്തം” നിറഞ്ഞു നിന്നിരുന്നു. അതായത്. ഗ്രാമത്തിന്റെ മണവും, ഭാഷയുടെ മാധുര്യവും, കാഴ്ചയുടെ സത്യസന്ധതയും. അവൾ അവതരിപ്പിക്കുന്ന സ്ത്രീകൾ എല്ലായ്പ്പോഴും ജീവിതത്തിന്റെ യഥാർത്ഥ മുഖമാണ്: ഒരിക്കൽ എളിയ ഗ്രാമവനിത, മറ്റൊരു ചിത്രത്തിൽ ഉറച്ച മനസ്സുള്ള യുവതി. ആ സ്വാഭാവികതയാണ് അനുശ്രീയെ മറ്റു നടിമാരിൽ നിന്ന് വേറിട്ട് നിർത്തുന്നത്.
പിന്നീട് 2019-ൽ പുറത്തിറങ്ങിയ ‘പ്രതി പൂവൻകോഴി, സേഫ്, ഉൾട്ട, മധുര രാജ, മൈ സാന്റാ ‘തുടങ്ങിയ ചിത്രങ്ങളിലും അവൾ വ്യത്യസ്തമായ കഥാപാത്രങ്ങളായി എത്തി. തുടർന്ന് വന്ന ചിത്രങ്ങളിലും തന്റെ പ്രായത്തിലോ നിലയിലോ ഒതുങ്ങാതെ, ഓരോ വേഷത്തിലും പുതുമയുള്ള സമീപനം കാണിക്കാൻ അനുശ്രീയെപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു.

മൂവി ക്യാമറയ്ക്കപ്പുറം അനുശ്രീ ലളിതയും ആത്മാർത്ഥയുമായ വ്യക്തിയാണ്. അഭിമുഖങ്ങളിലും പൊതുപ്രസംഗങ്ങളിലും അവൾ പറയുന്ന വാക്കുകൾ എല്ലായ്പ്പോഴും പ്രചോദനാത്മകമാണ്. വിജയം അവളെ ഉയർത്തിയിട്ടില്ല, മറിച്ച് കൂടുതൽ വിനീതയാക്കിയിരിക്കുന്നു. കൂടുതൽ മികച്ച വേഷങ്ങൾ കൊണ്ട് ഇനിയും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അനുശ്രീക്ക് കഴിയട്ടെ. ഒരികകൾ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.