
സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ വിവാദത്തിലായി നടി ഹൻസിക മോട്‍വാനി. ഈ വിഷയത്തിൽ തനിക്ക് നേരിട്ട് അനുഭവങ്ങളില്ലാത്തതുകൊണ്ട് പ്രതികരിക്കാൻ കഴിയില്ലെന്നാണ് ഹൻസിക വ്യക്തമാക്കിയത്. പിന്നാലെ താരത്തിൻ്റെ വാക്കുകൾ അജ്ഞത നിറഞ്ഞതാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുകയായിരുന്നു.
ഹോട്ടർഫ്ലൈ എന്ന യുട്യൂബ് ചാനലിലെ ദ മെയിൽ ഫെമിനിസ്റ്റ് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് സിനിമാ രംഗത്തെ ചൂഷണങ്ങളെക്കുറിച്ചുള്ള തൻ്റെ നിലപാട് ഹൻസിക വ്യക്തമാക്കിയത്. നിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, തനിക്ക് അത്തരമൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ലാത്തതിനാൽ അതിനെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നാണ് ഹൻസിക മറുപടി നൽകിയത്.
“വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് ബാലതാരമായി വന്നതുകൊണ്ടാവാം ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് അവതാരകൻ സൂചിപ്പിച്ചപ്പോൾ, ഹൻസിക അത് നിഷേധിച്ചു. തൻ്റെ അനുഭവത്തിൽ ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് തനിക്ക് സത്യസന്ധമായി ഒന്നും പറയാൻ കഴിയില്ലെന്ന് താരം ആവർത്തിച്ചു. കൂടാതെ ശരിയായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാവില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് അങ്ങനെ സംഭവിക്കാത്തതുകൊണ്ടാണ് ഞാൻ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും” ഹൻസിക കൂട്ടിച്ചേർത്തു.
ഈ പരാമർശമാണ് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. തന്നെയുമല്ല കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ അവഗണിക്കാൻ കഴിയില്ലെന്ന് അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അങ്ങനെയൊന്ന് ഉണ്ടായേക്കാമെന്നും തനിക്ക് അതിനെക്കുറിച്ച് അറിയില്ല എന്നും അവർ മറുപടി പറഞ്ഞു.
താരത്തിന്റെ ഈ പരാമർശങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഹൻസിക അജ്ഞത പ്രകടിപ്പിക്കുകയാണെന്നും സ്വന്തം ലോകത്ത് മാത്രം ജീവിക്കുന്ന ആളാണെന്നും പലരും വിമർശിച്ചു. “എനിക്ക് പ്രമേഹമില്ലാത്തതുകൊണ്ട് പ്രമേഹം ഒരു രോഗമല്ല എന്ന് പറയുന്നതുപോലെയാണിത്” എന്നായിരുന്നു ഒരു സോഷ്യൽ മീഡിയ ഉപയോക്താവിൻ്റെ പരിഹാസം. ഹൻസിക തന്റെ പ്രിവിലേജ് ഉപയോഗിച്ച് മറ്റുള്ളവരുടെ കഠിനമായ ജീവിതാനുഭവങ്ങളെയും ചൂഷണങ്ങളെയും പുച്ഛിച്ചു തള്ളുകയാണെന്നും മറ്റുചിലർ ആരോപിച്ചു.