ഒരു ഹലാല്‍ ചിത്രം

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്റ്റോറി ആമസോണ്‍ പ്രൈം റിലീസ് ചെയ്തു. മലപ്പുറത്തെ ഇടത്തരം മുസ്ലിം സാമൂഹിക പശ്ചാതലത്തില്‍ നിന്നും ഫുട്‌ബോള്‍ പ്രണയവും മനുഷ്യസ്‌നേഹവുമെല്ലാം ചേര്‍ത്ത സുഡാനിയുടെ സംവിധായകന്‍ അതേ താളത്തിലാണ് ഹലാല്‍ ലവ് സ്റ്റോറിയും പറഞ്ഞുവെയ്ക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ മനോഭാവവും, തികഞ്ഞ ദീനി ബോധവും, ഇസ്ലാം മത വിശ്വാസവുമെല്ലാമുള്ള ചെറുപ്പക്കാരും, ഇവരെ പിന്തുണയ്ക്കുന്നവരും ഒരു ഹലാല്‍ സിനിമയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഹറാമായ കാര്യങ്ങളെ മാറ്റിനിര്‍ത്തി മതവിശ്വാസത്തിലുറച്ച് ഒരു ഹലാല്‍ സിനിമ ഉണ്ടാക്കുന്നതിനെ നര്‍മ്മത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നത്.

വലിയ ട്വിസ്റ്റുകളോ, അതിരൂക്ഷമായ സംഘര്‍ഷങ്ങളോ ഒന്നും തന്നെ ഇല്ലാതെ മനോഹരമായി കഥപറഞ്ഞ് പ്രേക്ഷകനെ പിടിച്ചിരുത്താനാകുമെന്ന് ഹലാല്‍ ലവ് സ്റ്റോറി കാണിച്ചു തരുന്നുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെങ്കിലും ആക്ഷേപഹാസ്യം എന്ന പരിധിയിലേക്ക് കടക്കാതെ, ആരെയും വേദനിപ്പിക്കാതെ കഥ പറയാന്‍ ഉള്ള സാമര്‍ത്ഥ്യം കാണിച്ച സക്കറിയയുടേയും മുഹ്‌സിന്‍ പരാരിയുടേയും തിരക്കഥയുടെ മിടുക്ക് തന്നെയാണ് എടുത്ത് പറയേണ്ടത്. ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്വാഭാവികമായും സംഭവിച്ചതു പോലെയനുഭവപ്പെട്ടുവെന്നതും റിയലിസ്റ്റിക് അനുഭവം നല്‍കി. തിരക്കഥയ്ക്ക് അനുയോജ്യമായ കാസ്റ്റിംഗാണ് സിനിമയ്ക്ക് മുതല്‍കൂട്ടായ മറ്റൊരുഘടകം.

ഇന്ദ്രജിത്, ഷറഫുദീന്‍, ജോജ്ജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഇവരെയെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തിയ ചിത്രത്തില്‍ നാസറിനെ പോലുള്ള പുതുമുഖ അഭിനേതാക്കളുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. പാര്‍വതി, സൗബിന്‍ എന്നിവരുടെ അതിഥി പെര്‍ഫോര്‍മന്‍സ് ചിത്രത്തെ ഒട്ടേറെ സഹായിച്ചിട്ടുണ്ട്. ജോജ്ജുവിന്റെയും ഗ്രേസിന്റെയും പ്രകടനമാണ് പലപ്പോഴും ഹൃദയത്തെ തൊട്ടത്. കുമ്പളങ്ങിയില്‍ നിന്നും ഹലാല്‍ ലവ് സ്റ്റോറിയിലെത്തിയപ്പോഴുള്ള നടിയെന്ന രീതിയിലെ ഗ്രേസിന്റെ പ്രകടനം എത്രയോ മുന്നോട്ട് പോയെന്ന് വ്യക്തമാണ്. യാഥാസ്ഥിതിക കാഴ്ച്ചപ്പാടുകളുമായി കലയെ സമീപിക്കുന്നതിലെ തെറ്റും ശരിയും പരിശോധിക്കുന്നതിനുമപ്പുറം വ്യക്തികളുടെ ആത്മസംഘര്‍ഷങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള ശ്രമമാണ് ചിത്രത്തെ പ്രേക്ഷകനിലേക്കടുപ്പിക്കുന്നത്. അജയ്‌മേനോന്റെ ഛായാഗ്രഹണം, സൈജു ശ്രീധരന്റെ ചിത്രസംയോജനം, എന്നിവയ്‌ക്കൊപ്പം ഷഹബാസിന്റെ ആലാപനവും ചിത്രത്തിന് കരുത്തായി. എല്ലാതരം പ്രേക്ഷകരെയും മടുപ്പിക്കാത്ത ഒരു ഹലാല്‍സിനിമയുണ്ടാക്കിയെന്ന് സക്കറിയയ്ക്കും ടീമിനും അഭിമാനിക്കാം.