‘ചെല്ലോ ഷോ’ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ……

ഗുജറാത്തി ചിത്രം ചെല്ലോ ഷോ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍, വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്‌കാറിലേക്കെത്തിയിരിക്കുന്നത്. പാന്‍ നളിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ചൊവ്വാഴ്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഫെഡറേഷന്‍ ജൂറിക്ക് സംവിധായകന്‍ പാന്‍ നളിന്‍ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. ‘ചെല്ലോ ഷോയില്‍ വിശ്വസിച്ചതിന് നന്ദി. ഇപ്പോളെനിക്ക് വീണ്ടും ശ്വസിക്കാം. വിജ്ഞാനം പകരുന്ന, പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സിനിമയില്‍ വിശ്വസിക്കാം’, പാന്‍ നളിന്‍ ട്വീറ്റ് ചെയ്തു

അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്റെ അര്‍ത്ഥം. സംവിധായകന്റെ തന്നെ കുട്ടിക്കാലത്തെ ഓര്‍മകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താനെങ്ങനെ സിനിമയില്‍ ആകൃഷ്ടനായെന്നാണ് നളിന്‍ ചിത്രത്തിലൂടെ പറയുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലന്‍ സിനിമാ പ്രൊജക്ടര്‍ ടെക്‌നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകള്‍ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ’യില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍.ആര്‍.ആര്‍.ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിച്ചിരുന്നത്.