
മലയാള സിനിമയിലെ എക്കാലത്തെയും വ്യത്യസ്തമായ പരീക്ഷണ ചിത്രങ്ങളിലൊന്നായ ‘അത്ഭുതദ്വീപിന്റെ’ ആദ്യ പ്രദര്‍ശനദിനത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടന്‍ ഗിന്നസ് പക്രു. ചിത്രം പിന്നീട് തിയേറ്ററുകളില്‍ ചരിത്രവിജയമായി മാറിയെങ്കിലും റിലീസ് ദിവസം തിയേറ്ററില്‍ നിന്നും കനത്ത കൂവലുകളും പ്രതിഷേധവുമാണ് നേരിടേണ്ടിവന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പക്രു സിനിമയുടെ ദുഷ്‌കരമായ ആ നാളുകളെക്കുറിച്ച് ഓര്‍ത്തെടുത്തത്.
കോട്ടയത്തെ ഒരു തിയേറ്ററില്‍ ആദ്യ ദിവസം സിനിമ കാണാനിരുന്ന അനുഭവമാണ് താരം പങ്കുവെച്ചത്. സിനിമ ആരംഭിച്ച് അധികം വൈകാതെ തിയേറ്ററില്‍ കടുത്ത കൂവല്‍ ആരംഭിക്കുകയും പടം തീരുന്നതുവരെ അത് തുടരുകയും ചെയ്തു. സിനിമയിലെ ഡയലോഗുകള്‍ പോലും കേള്‍ക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ബഹളമായിരുന്നു തിയേറ്ററിനുള്ളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്രയും എതിര്‍പ്പുകള്‍ക്കിടയിലും ക്ലൈമാക്‌സ് സീനെത്തിയപ്പോള്‍ തിയേറ്ററില്‍ നിന്നും വലിയ കയ്യടിയാണ് ലഭിച്ചതെന്ന് പക്രു വ്യക്തമാക്കി.
അന്നത്തെ കാലത്ത് സിനിമയുടെ രാഷ്ട്രീയമോ പൃഥ്വിരാജിനെതിരെ അന്ന് നടന്നിരുന്ന മാധ്യമ-വ്യക്തിഗത ആക്രമണങ്ങളെക്കുറിച്ചോ തനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ദിവസത്തെ തിരിച്ചടിക്ക് ശേഷം ചിത്രത്തിന്റെ വിജയത്തിനായി അണിയറപ്രവര്‍ത്തകര്‍ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. വണ്ടിയില്‍ തിയേറ്ററുകള്‍ സന്ദര്‍ശിച്ചും നേരിട്ട് പ്രചാരണം നടത്തിയുമാണ് സിനിമയെ തിരികെ പിടിച്ചത്. തുടക്കത്തില്‍ കൂവലുയര്‍ന്ന അതേ തിയേറ്ററില്‍ പിന്നീട് 84 ദിവസത്തോളമാണ് ചിത്രം വിജയകരമായി പ്രദര്‍ശിപ്പിച്ചത്. തുടക്കത്തിലെ ആശങ്കകള്‍ക്കും ബഹളങ്ങള്‍ക്കും ശേഷം സിനിമ വിജയതീരമണഞ്ഞത് വലിയ ദൈവാനുഗ്രഹമായാണ് കാണുന്നതെന്നും ഗിന്നസ് പക്രു അഭിമുഖത്തില്‍ വ്യക്തമാക്കി.
ഗിന്നസ് പക്രുവിന്റെ വാക്കുകൾ;
”സിനിമ കാണാനായി ഞാന്‍ കോട്ടയത്തെ ഒരു തിയേറ്ററില്‍ ഇരിക്കുകയാണ്. ആദ്യത്തെ ദിവസമാണ്. ഒരു ഭാഗം കഴിഞ്ഞതും ഭയങ്കര കൂവലാണ്. പടം തീരുന്നത് വരെ തുടര്‍ന്നു. ഒരു വാക്കു പോലും കേള്‍പ്പിക്കുന്നില്ല. അവസാനം ക്ലൈമാക്‌സില്‍ ക്ലാപ്പ് വന്നു. തിയേറ്ററില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഞാന്‍ അത്ര തൃപ്തനായിരുന്നില്ല. ഇതെന്തു പറ്റി ഇങ്ങനെ എന്നായിരുന്നു ചിന്ത. സാറിനോട് സംസാരിച്ചപ്പോള്‍ പലിയിടത്തും അങ്ങനെ മനപ്പൂര്‍വ്വം ചെയ്യുന്നുണ്ട്. നമ്മളിപ്പോള്‍ എന്ത് ചെയ്യാനാ എന്ന് പറഞ്ഞു.
ആദ്യ ദിവസം തിയേറ്ററിലിരുന്ന് അത് അനുഭവിച്ചയാളാണ് ഞാന്‍. അത് വലിയൊരു വിഷമമാണ്. എന്തിനാണെന്നൊന്നും അറിയില്ല. സിനിമ കാണാന്‍ വന്നവര്‍ക്ക് ഒരു വാക്ക് പോലും കേള്‍ക്കാന്‍ പറ്റാത്ത ശബ്ദമാണ് തിയേറ്ററിനുള്ളില്‍. പക്ഷെ പിന്നീട് നമ്മള്‍ തന്നെ ആ പടത്തിന് വേണ്ടി ഇറങ്ങി. വണ്ടിയില്‍ തിയേറ്ററുകള്‍ സന്ദര്‍ശിച്ചു. അത് കഴിഞ്ഞ് 84 ദിവസം വരെ കോട്ടയത്തെ ആ തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിച്ചു.
പൃഥ്വിരാജിനെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായിരുന്നു,അന്നേരം അതൊന്നും എനിക്ക് അറിയില്ലായിരുന്നു. സിനിമയുടെ പൊളിറ്റിക്‌സൊന്നും അറിയില്ലായിരുന്നു. അന്ന് സോഷ്യല്‍ മീഡിയയൊന്നുമില്ല. ഇത്രയും കഷ്ടപ്പെട്ടതാണ്. തുടക്കമൊന്നും കുഴപ്പമില്ലായിരുന്നു. അവര്‍ അകത്ത് കയറുന്നത് മുതല്‍ പ്രശ്‌നമാണ്. പക്ഷെ അങ്ങനെ കലഹിച്ചു കൊണ്ടിരുന്നവരും ക്ലൈമാക്‌സ് സീനില്‍ കയ്യടിച്ചത് സന്തോഷം നല്‍കി. എന്റെ മനസില്‍ ഇപ്പോഴും അതുണ്ട്. അതൊരു ദൈവാനുഗ്രഹമാണ്. അത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞിട്ട് പോയാണ് ബഹളമൊന്നുമില്ലാതെ ഞാന്‍ സിനിമ കണ്ടത്.”