
ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ്‌കൊണ്ട് അമ്മയോട് സങ്കടം പറയുന്ന ക്വാഡന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി പേരാണ് ക്വാഡന് സഹായവുമായി രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയനടന്‍ ഗിന്നസ് പക്രുവും ഈ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്..നീ കരയുമ്പോള്‍ നിന്റെ അമ്മ തോല്‍ക്കും. ഈ വരികള്‍ ഓര്‍മ്മ വച്ചോളു…ഊതിയാല്‍ അണയില്ല ഉലയിലെ തീ, ഉള്ളാകെ ആളുന്നു ഉയിരിലെ തീ…ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്’ എന്ന് ഗിന്നസ് പക്രു ഫേസ്ബുക്കില്‍ കുറിച്ചു.
യരാക ബയ്‌ലസ് എന്ന സ്ത്രീ തന്റെ മകന്‍ ക്വാഡന് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് സങ്കടത്തോടെ സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സ്‌കൂളില്‍ വച്ച് സഹ പാഠികളടക്കമുള്ള വിദ്യാര്‍ത്ഥികളും മറ്റും ക്വാഡനെ ഉയരക്കുറവ് പറഞ്ഞ് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ആ കുട്ടിയില്‍ വലിയ മാനസിക സംഘര്‍ഷം തീര്‍ക്കുന്നതായി അമ്മ പറയുന്നു. കുട്ടിയില്‍ ആത്മഹത്യാ പ്രവണതയാണ് ഇതുകൊണ്ടു സംഭവിക്കുന്നതെന്നും അവര്‍ ഭയത്തോടെ പറയുന്നു. സ്‌കൂള്‍ യൂണിഫോമില്‍ കാറിലിരുന്ന് പൊട്ടിക്കരയുന്ന കുട്ടിയുടെ വീഡിയോക്കൊപ്പമാണ് തന്റെ അഭിപ്രായങ്ങളും അമ്മ പങ്കുവച്ചത്. ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. നിരവധിപ്പേര്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.