വിദേശ മാർക്കറ്റിൽ 10 മില്യൺ ഗ്രോസ്; നേട്ടങ്ങൾ തുടർന്ന് കൊണ്ട് ‘തുടരും’

','

' ); } ?>

തരുൺമൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘തുടരും’ വിദേശ മാർക്കറ്റിൽ 10 മില്യൺ ഗ്രോസ് പിന്നിട്ടു. 15 ദിവസം കൊണ്ടാണ് സിനിമയുടെ ഈ നേട്ടം. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നിലവിൽ രണ്ടു മലയാളം സിനിമകൾ മാത്രമാണ് വിദേശ മാർക്കറ്റിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ രണ്ടു സിനിമകളിലും മോഹൻലാൽ തന്നെയാണ് നായകൻ എന്നതും ശ്രദ്ധേയമാണ്. എമ്പുരാനാണ് ഈ നേട്ടം മുമ്പ് കൈവരിച്ചത്. 16 മില്യണാണ് സിനിമയുടെ വിദേശ മാർക്കറ്റിലെ കളക്ഷൻ.

അതേസമയം തുടരും എന്ന സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. ‘തൊടരും’ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. മോഹൻലാൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങൾ. ‘മോഹൻലാലിനെ റൊമ്പ പുടിക്കും’ എന്നും ചിത്രം കണ്ടിറങ്ങിയ ഒരു പ്രേക്ഷക വീഡിയോയിൽ പറയുന്നത് കാണാം. വില്ലനായി അഭിനയിച്ച പ്രകാശ് വർമയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് ഡബ്ബിങ് നന്നായിരിക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്.

ഷൺമുഖം എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ ജീവിതമാണ് ‘തുടരും’ എന്ന ചിത്രത്തിന്റെ കേന്ദ്രകഥ. ഭാര്യയും മക്കളുമുള്ള കുടുംബപ്രേമി, സുഹൃദ്ബന്ധങ്ങളുള്ള, നാട്ടുകാർക്കിടയിൽ പ്രിയങ്കരനായ ഒരു ഡ്രൈവറുടെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുന്നതിലൂടെ, മോഹൻലാൽ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. കെ.ആർ. സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയോടൊപ്പം തിരക്കഥ ഒരുക്കിയത് കെ.ആർ. സുനിലുമാണ്. ‘തുടരും’ പ്രതീക്ഷിച്ചതിലും ഏറെ മികച്ച പ്രതികരണങ്ങൾ കൈവരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തുടർവിജയങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം റിലീസ് ആയതിനു ശേഷം പ്രകാശ് വർമ്മ പങ്കുവെച്ച ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരുന്നത്. തുടരും എന്ന സിനിമയിലെ തന്റെ അനുഭവം തീർത്തും മാജിക്കൽ ആയിരുന്നുവെന്നും തനിക്ക് മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചുവെന്നും പ്രകാശ് വർമ്മ ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ‘എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്’ എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരുന്നത്