സംഗീത സംവിധായന്‍ ഗോപീസുന്ദറുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായിക അഭയ ഹിരണ്മയി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപീസുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് അഭയ മനസു തുറന്നത്. നിരവധി വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ഈ ബന്ധത്തെക്കുറിച്ച് തുറന്ന് പറയേണ്ടി വന്നിട്ടില്ലെന്ന് അഭയ വ്യക്തമാക്കുന്നു. വിവാഹിതനായ ഗോപിസുന്ദറുമായി കഴിഞ്ഞ എട്ടുവര്‍ഷമായി ലിവിംഗ് ടുഗതറില്‍ കഴിയുകയാണെന്നും അഭയ വ്യക്തമാക്കി. ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ സഹിതമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
അഭയ ഹിരണ്മയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
2008 മുതല്‍ 2019 ഞങ്ങള്‍ ഒരുപാട് തവണ വേദികളില്‍ ഒരുമിച്ച് വന്നപ്പോള്‍ പോലും ഞാന്‍ എന്റെ ബന്ധത്തെ കുറിച്ച് തുറന്നുപറയാന്‍ ശ്രമിച്ചിട്ടില്ല. അതെ, കല്യാണം കഴിഞ്ഞ ഒരാളുമായി ഞാന്‍ ബന്ധത്തിലാണ് (നിയമപരമായി കല്യാണത്തില്‍ അകപ്പെട്ട ഒരാളുമായി) കഴിഞ്ഞ 8 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു.
അതെ, ഞാന്‍ ആരേയും മുമ്പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. അതെ, ശാശീരിക വലിപ്പത്തില്‍ അയാള്‍ വലിയ ആണാണ്. അതിനുമുന്നില്‍ ഞാന്‍ വളരെ ചെറുതും. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്. എന്നിരുന്നാലും സന്തോഷമായി ജീവിച്ചുപോരുന്നു. ഞങ്ങളുടേതായ നിമിഷങ്ങളില്‍ ജീവിക്കുന്നു.
ഇനി, മഞ്ഞചാനലുകള്‍ക്കും പത്രക്കാര്‍ക്കും വേണമെങ്കില്‍ എന്നെ കീപ്പ്, കാമുകി, എന്നോ കുലസ്ത്രീകള്‍ക്ക് എന്നെ കുടുംബം കലക്കി എന്നോ എന്തുവേണെമെങ്കിലും വിളിക്കാം. ഞാന്‍ ഓടിയോടി ക്ഷീണിച്ചു. ഇനി ഭയപ്പെടാന്‍ വയ്യ. വിധിയെഴുത്തിനായി എന്റെയും ഗോപീ സുന്ദറിന്റെയും പേജ് തുറന്നുവയ്ക്കുന്നു. നിങ്ങളുടെ പൊങ്കാല കാണട്ടെ.. എന്തായാലും ആറ്റുകാല്‍ പൊങ്കാലയല്ലെ.. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം.
മുന്‍പ് അഭയുമായുള്ള ചിത്രം പങ്കുവച്ചപ്പോള്‍ ഗോപി സുന്ദറിനെ പരിഹസിച്ച് ഗോപീസുന്ദറിന്റെ ഭാര്യ പ്രിയ രംഗത്തെത്തിയിരുന്നു. അഭയയുമൊത്തുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കു വെക്കുന്നതിന് സ്ഥിരമായി ട്രോളാക്രമണം നേരിടാറുണ്ട് ഗോപി സുന്ദര്‍.