അജിത് കുമാർ നായകനാകുന്ന ആക്ഷൻ ത്രില്ലർ ‘ഗുഡ് ബാഡ് അഗ്ലി’ക്ക് ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ഇന്ന് പുറത്തുവന്നു – ട്രെയ്‌ലർ ഇന്ന് തന്നെ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിൽ അജിത്ത് ചുവന്ന കൂളിംഗ് ഗ്ലാസും ക്ലീൻ ഷേവ് ലുക്കുമായി അതീവ സ്റ്റൈലിഷ് ആയിട്ടാണുള്ളത്. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റർ ട്രെൻഡിംഗായി.
ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത് ഗോകുലം മൂവീസാണ്. കേരളത്തിൽ അജിത്തിന് വലിയ ആരാധക പിന്തുണയുള്ളതിനാൽ ചിത്രം മികച്ച വരവേൽപ്പിന് സാധ്യതയുണ്ട് എന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആക്ഷൻ പശ്ചാത്തലത്തിൽ ഒരു ശക്തമായ കഥ പറയുന്ന ചിത്രം രണ്ടുമണിക്കൂർ പതിനെട്ടു മിനിറ്റ് നീളമാണ് എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 10ന് സമ്മർ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തിൽ മൂന്ന് വ്യത്യസ്ത ലുക്കുകളിലായി അജിത്ത് എത്തുന്നുണ്ട്. തടി കുറച്ച് പുതുമയായ ലുക്കിൽ എത്തുന്ന അദ്ദേഹത്തെ ആരാധകർ അഭിനന്ദിക്കുകയാണ്. ചിത്രത്തിൽ ഒരു വമ്പൻ കാമിയോ സംഭവിക്കും എന്ന് റിപ്പോർട്ടുകളുണ്ട്. സിലമ്പരസാണ് ആ കാമിയോ വേഷം കൈകാര്യം ചെയ്യുന്നത് എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എസ് ജെ സൂര്യയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന് ചില മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
‘മാർക്ക് ആന്റണിയുടെ’ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.