മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം ‘എമ്പുരാൻ’ റിലീസിനുശേഷം വലിയ സ്വീകരണമേൽക്കുമ്പോൾ, ദീപക് ദേവ് സംഗീതം നൽകിയ ‘അസ്രേൽ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഉഷ ഉതുപ്പ് ആലപിച്ച ഈ ഗാനം റിലീസ് ചെയ്തതിന് പിന്നാലെ ആഗോളതലത്തിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.
“ഒരു വേൾഡ് ക്ലാസ് ഐറ്റമാണ് ഇതു” എന്ന് സോഷ്യൽ മീഡിയയിലൊരു പ്രേക്ഷകൻ അഭിപ്രായപ്പെടുമ്പോൾ, ഗാനം പീക്ക് ലെവലിൽ എത്തുന്നുവെന്ന അഭിപ്രായമാണ് വലിയ തോതിൽ പങ്കുവെക്കപ്പെടുന്നത്. മുരളി ഗോപിയുടേതാണ് ഈ ശ്രദ്ധേയമായ വരികൾ.
മാർച്ച് 27-നാണ് ‘എമ്പുരാൻ’ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യദിനം തന്നെ 67 കോടി രൂപയുടെ കളക്ഷൻ നേടിയ ചിത്രം, 48 മണിക്കൂറിനകം 100 കോടി ക്ലബിൽ എത്തി. അഞ്ച് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടം പിടിച്ചതും ചിത്രത്തിന്റെ വിജയയാത്രയെ അനൂകൂലമാക്കി.
സിനിമയുടെ അവസാന ഭാഗം ഒരു മൂന്നാം ഭാഗത്തിനുള്ള സാധ്യതയേയും സൂചിപ്പിക്കുകയാണ്. ആദ്യം അനിശ്ചിതത്വം നിലനിന്നെങ്കിലും, നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പോടെ അതിന് എതിരായ സംശയങ്ങൾ അവസാനിച്ചു. ‘അസ്രയേല്‍’ എന്നായിരിക്കും അടുത്ത ഭാഗത്തിന്റെ പേര് എന്ന സൂചനയും സംഗീത സംവിധായകൻ ദീപക് ദേവ് നല്‍കിയിട്ടുണ്ട്.