സ്വര്‍ണക്കടത്തിന്റെ വിഹിതം പറ്റുന്നവര്‍ സിനിമയിലുണ്ട്; സിയാദ് കോക്കര്‍

സ്വര്‍ണക്കടത്തിന്റെ വിഹിതം പറ്റുന്നവര്‍ സിനിമയിലുണ്ടെന്ന ഗുരുതര ആരോപണവുമായി സിയാദ് കോക്കര്‍. സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍ രംഗത്തെത്തിയത്. സ്വര്‍ണക്കടത്ത് പണം സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവര്‍ സിനിമാ മേഖലയില്‍ ഉണ്ടെന്നും സിയാദ് കോക്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് താഴെ

സ്വര്‍ണക്കടത്ത് പണം സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തേ വിവരമുണ്ടായിരുന്നു. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ പല സിനിമകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നുമുള്ള സൂചനകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സിയാദ് കോക്കറിന്റെ വെളിപ്പെടുത്തല്‍. ശരിയല്ലാത്ത രീതികളില്‍ സിനിമയില്‍ വന്‍തോതില്‍ പണം എത്തുന്നു. ഇതിന്റെ വിഹിതം പറ്റുന്ന ടെക്‌നീഷ്യന്‍സും ആര്‍ട്ടിസ്റ്റുകളുമൊക്കെയുണ്ട്. അവര്‍ക്കൊക്കെ ഇക്കാര്യമറിയാം. ഇതുസംബന്ധിച്ച് എന്‍ഐഎ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സിയാദ് കോക്കര്‍ ആവശ്യപ്പെട്ടു. ഫൈസല്‍ ഫരീദ് സിനിമാ മേഖലയുമായി ബോധപൂര്‍വം ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമാ നിര്‍മാണത്തിന് ഇറക്കുകയായിരുന്നെന്ന് സിയാദ് കോക്കര്‍ ആരോപിക്കുന്നു. ബിഗ് ബജറ്റ് സിനിമകളില്‍ ഇത്തരത്തില്‍ പണം എത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.