പ്രധാനമന്ത്രിയുടെ ജീവചരിത്ര സിനിമക്ക് വേണ്ടി ഗോധ്ര സംഭവം പുനരാവിഷ്‌കരിച്ചത് വിവാദത്തില്‍..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്ര സിനിമയ്ക്കുവേണ്ടി ഗോധ്ര സംഭവം പുനരാവിഷ്‌കരിച്ചത് വിവാദത്തിൽ. സിനിമയ്ക്കുവേണ്ടി തീവണ്ടിയുടെ ബോഗി കത്തിച്ചുവെന്നാണ് ആരോപണം ഉയർന്നത്. വഡോദര-ദബോയി പാതയിലെ പ്രതാപ്നഗർ സ്റ്റേഷനിൽ വച്ച് ചിത്രീകരണത്തിന്റെ ഭാഗമായി റെയിൽവേ നൽകിയ പഴയ ബോഗി കത്തിച്ച് ഷൂട്ടിങ് നടത്തിയതെന്നാണ് ഉയർന്ന ആരോപണം.

എന്നാൽ ആരോപണങ്ങൾ റെയിൽവേ അധികൃതരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും തള്ളി. റെയിൽവേ മോക്ക് ഡ്രില്ലുകൾക്കായി ഉപയോഗിക്കുന്ന കേടുപാടുകൾ സംഭവിച്ച ബോഗിയാണ് ഷൂട്ടിങ്ങിനായി വിട്ട് നൽകിയിരിക്കുന്നതെന്നും ഇത് ഷൂട്ടിങ്ങിന്റെ ഭാഗമായി അഗ്‌നിക്കിരയാക്കിയിട്ടില്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

‘ചില മാധ്യമങ്ങൾ പറയുന്നത് പോലെ ഞങ്ങൾ തീവണ്ടി ബോഗിക്ക് തീയിട്ടിട്ടില്ല. ചിത്രീകരണത്തിനായി വിട്ടുനൽകിയ ബോഗിയിൽ ചില ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം ബാക്കിയെല്ലാം ഗ്രാഫിക്സ് ഉപയോഗിച്ചാണ് പൂർത്തിയാക്കുക’. ചിത്രത്തിന്റെ സൂപ്പർവൈസിങ് എക്സിക്യുട്ടീവ് ജയരാജ് ഗദ്വിയും സീനിയർ എക്സിക്യുട്ടീവ് ധവാൽ പാണ്ഡ്യയും വ്യക്തമാക്കി. വാർത്തകൾ തള്ളി പശ്ചിമറെയിൽവേ പി.ആർ.ഒ (വഡോദര ഡിവിഷൻ) കേംരാജ് മീനയും രംഗത്ത് വന്നിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹിക മാധ്യമങ്ങളിൽ റിലീസ് ചെയ്യുന്ന ‘നരേന്ദ്രമോദി’ സിനിമയ്ക്കായാണ് ഗോധ്ര സംഭവം ചിത്രീകരിക്കുന്നത്. 2002 ഫെബ്രുവരി 27-ന് 59 കർസേവകരുടെ മരണത്തിന് ഇടയാക്കിയ ഗോധ്ര സംഭാവം ഉണ്ടാകുന്നത്. ഇതാണ് ഗുജറാത്ത് കലാപത്തിന് തിരികൊളുത്തിയത്.

അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി അഭിമുഖീകരിച്ച പ്രതിസന്ധികൾ കാണിക്കുന്നതിനാണ് ഗോധ്ര തീവണ്ടി തീവെപ്പ് ചിത്രീകരിക്കുന്നതെന്ന് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ജയരാജ് ഗധവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിന് റെയിൽവേ, കോർപ്പറേഷൻ, ഫയർ വിഭാഗങ്ങളുടെ അനുമതിയുള്ളതായും വ്യക്തമാക്കി. തീവണ്ടിയുടെ ഉള്ളിലെ സംഭവങ്ങൾ മുംബൈയിൽ സെറ്റിട്ടാണ് ചിത്രീകരിക്കുക.

ഗോധ്രയിൽ തീവെച്ച സാബർമതി എക്സ്പ്രസിന്റെ എസ്-6 കോച്ച് ഇപ്പോഴും ആ സ്റ്റേഷനിൽ പോലീസ് കാവലിൽ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ചുരുക്കിയിരുന്നു. 17-ാം വാർഷികമായിരുന്ന കഴിഞ്ഞ ബുധനാഴ്ച വി.എച്ച്.പി. പ്രവർത്തകർ ഇവിടെയെത്തി പുഷ്പാർച്ചന നടത്തി.