
2002 ൽ ഇറങ്ങിയ “താണ്ഡവം” ചിത്രത്തിൽ മോഹൻലാലിനൊപ്പമുളള അനുഭവം പങ്കുവെച്ച് നടൻ ജിബിൻ ഗോപിനാഥ്. ചിത്രത്തിൽ ഒരു സീനിൽ തന്നെ കാണിക്കുന്നുണ്ടെന്നും, ആ സീനിൽ അഭിനയിക്കാനായി പൊതുപരീക്ഷ മുടക്കിയാണ് പോയതെന്നും ജിബിൻ പറഞ്ഞു. കൂടാതെ അന്ന് മോഹൻലാലിനൊപ്പമെടുത്ത ഫോട്ടോ താനിപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും ജിബിൻ കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലാലേട്ടനൊക്കെ പഠിച്ച അതേ എം.ജി. കോളേജിലായിരുന്നു ഞാനും ഡിഗ്രി പഠിച്ചത്. തിരുവനന്തപുരത്ത് ഷൂട്ടിങ് വന്നാൽ ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ടു പോകുന്ന സ്ഥലങ്ങളിലൊന്നാണ് കോളേജ്. നമ്മളും കൂടെയങ്ങ് പോകും പൊതുപരീക്ഷ മുടക്കി പോയി ചെയ്ത സിനിമയാണ് ‘താണ്ഡവം’. ചേട്ടൻ മരിച്ചപ്പോൾ ലാലേട്ടൻ വരുന്ന ഒരു സീനുണ്ട് അതിൽ ജനക്കൂട്ടത്തിനിടയിൽക്കൂടി ലാലേട്ടന് വരാനായി ഉണ്ടാക്കിയ വഴിയിൽ എന്നെ നിർത്തി. ഞാൻ നിൽക്കുന്ന സ്ഥലത്തെത്തുമ്പോൾ അദ്ദേഹം രണ്ട് സെക്കൻഡ് നിൽക്കുന്നുണ്ട്. അവിടെയാണെങ്കിൽ സ്ലോമോഷനും, സ്ക്രീനിൽ ഗംഭീര അനുഭവമായിരുന്നു. ഇത്രയും നന്നായി എന്നെ ആദ്യമായി കാണിച്ചത് താണ്ഡവം സിനിമയിലായിരുന്നു. ഇപ്പോഴും ടി.വി.യിൽ ആ സീൻ വരുമ്പോൾ ഞാൻ മൊബൈലിൽ ഫോട്ടോ എടുത്തുവയ്ക്കും അന്ന് ലാലേട്ടനൊപ്പം എടുത്ത ഒരു ഫോട്ടോ ഇപ്പോഴും എന്റെ ഫെയ്സ്ബുക്കിലുണ്ട്.’ ജിബിൻ പറഞ്ഞു.
‘പിന്നീട് വർഷങ്ങൾക്കുശേഷം ലാലേട്ടനൊപ്പം ‘ടിൽത് മാനി’ൽ അഭിനയിച്ചു. പക്ഷേ, താണ്ഡവം അനുഭവം അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. എല്ലാവരും ഒരു റിസോർ ട്ടിലായിരുന്നു താമസിച്ചത്. രാത്രിയിലാണ് ലാലേട്ടൻ സെറ്റിലേക്ക് ആദ്യമായി വരുന്നത്. പിറ്റേന്ന് രാവിലെ അവിടെയുള്ള വ്യൂപോയിന്റ്റിനടുത്താണ് ഷൂട്ട്. നല്ല മഞ്ഞാണ്. ഞാനടക്കം മൂന്നുപേർ അവിടെയുണ്ടായിരുന്നു. സൈഡിൽ കൊക്കയാണ്, സിനിമയിലെ സ്വപ്ന രംഗം പോലെയായിരുന്നു ലാലേട്ടന്റെ വരവ്. എന്നോട് പേരും സീനുമൊക്കെ ചോദിച്ചു, വീണ്ടും കാണാമെന്നൊക്കെ പറഞ്ഞു, ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ തൻ്റെ കൂടെ ഫോട്ടോ എടുക്കുന്നതിൽ എന്താപ്രശ്നം എന്നാണ് ലാലേട്ടൻ ചോദിച്ചത്. എന്റെ കിളി പോയി ഞാൻ പോലീസുകാരനാണെന്ന് അന്നറിയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ ലാലേട്ടനും മമ്മൂക്കയ്ക്കുമൊക്കെ ഞാൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് അറിയാം.’ ജിബിൻ കൂട്ടിച്ചേർത്തു.
കളങ്കാവൽ, ഡീയസ് ഈറേ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് ജിബിൻ ഗോപിനാഥ്. പൊലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം അഭിനയത്തിനോടുള്ള ആഗ്രഹം കൊണ്ടാണ് സിനിമയിലേക്ക് എത്തിയത്.