
നടി ഗൗരി കിഷനെ ബോഡി ഷെയിമിങ് ചെയ്ത സംഭവത്തിൽ മാപ്പ് പറയില്ലെന്ന യൂട്യൂബറുടെ നിലപാടിനെതിരെ പ്രതികരിച്ച് ഗൗരി കിഷൻ.
അറിവില്ലായ്മയും ആണധികാര പ്രവണതയും നിർഭാഗ്യകരമാണെന്നും, ഒരാൾക്ക് എത്ര മാത്രം തരം താഴാൻ കഴിയുമെന്നും ഗൗരി പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഗൗരിയുടെ പ്രതികരണം.
ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ടെന്നാണ് അധിക്ഷേപ പരാമർശം നടത്തിയ യൂട്യൂബർ കാർത്തിക് പറയുന്നത്. 2 വർഷത്തെ അനുഭവസമ്പത്തുള്ള ‘മുതിർന്ന’ മാധ്യമപ്രവർത്തകനാണ് താനെന്നും താൻ തെറ്റൊന്നും ചോദിച്ചിട്ടില്ലെന്നും ആർ എസ് കാർത്തിക് പറയുന്നു. വിഡ്ഢി എന്ന് വിളിച്ചത് ഗൗരിയാണ്. നടിയെ നടൻ എടുത്തുയർത്തിയെന്ന് പറഞ്ഞാൽ നാല് പേര് കൂടുതൽ വരും. ‘ജോളി’ ആയിരിക്കാൻ വേണ്ടിയാണ് ചോദിച്ചത്. ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ. അതുകൊണ്ടാണ് അവിടെയുള്ള മറ്റ് മാധ്യമപ്രവർത്തകർ ചിരിച്ചതെന്നും വിചിത്രന്യായം. തമിഴ് മാധ്യമത്തോടായിരുന്നു കാർത്തികിന്‍റെ പ്രതികരണം.
ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്‌സ്’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് ഗൗരിക്കുനേരെ യൂട്യൂബർ മോശം പരാമർശം നടത്തിയത്. സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച്‌ച ചിത്രത്തിൻ്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്‌തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.
തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ചുചോദിച്ചു. സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി.