
സുന്ദർ സി – വടിവേലു കോമ്പിനേഷനിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഗ്യാങ്ങേഴ്സ് മെയ് 15 മുതൽ ഒടിടിയിലേക്ക്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. അരൺമനൈ 4 എന്ന സിനിമയ്ക്ക് ശേഷം സുന്ദർ സി സംവിധാനം ചെയ്ത ചിത്രമാണ് ഗ്യാങ്ങേഴ്സ്. എസി ഷൺമുഖം, എസിഎസ് അരുൺകുമാർ, കുശ്ബു സുന്ദർ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. സി സത്യ സംഗീതം പകർന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വെങ്കട്ട് രാഘവനാണ്. ക്യാമറ ഇ കൃഷ്ണസാമിയും എഡിറ്റിംഗ് പ്രവീൺ ആൻ്റണിയും നിർവ്വഹിച്ചിരിക്കുന്നു. ഏറെ വർഷത്തെ ഇടവേളയ്ക്ക് ശേഷം സുന്ദർ സിയും വടിവേലുവും ഒന്നിക്കുന്ന സിനിമയാണിത്.
കഴിഞ്ഞ മാസം ആണ് ചിത്രം തീയേറ്ററിൽ എത്തിയത്. ഈ വർഷം തിയേറ്ററിലെത്തിയ രണ്ടാമത്തെ സുന്ദർ സി ചിത്രമായിരുന്നു ഗ്യാങ്ങേഴ്സ്. മുമ്പ് വിശാൽ നായകനായ മദ ഗജ രാജ എന്ന സിനിമയും സംവിധായകന്റേതായി റിലീസ് ചെയ്തിരുന്നു. ഷൂട്ട് കഴിഞ്ഞ് 12 വർഷത്തിന് ശേഷം തിയേറ്ററിൽ എത്തിയ സിനിമ വമ്പൻ വിജയമാണ് തിയേറ്ററിൽ കാഴ്ചവെച്ചതും. അതേസമയം സുന്ദർ സി ഇപ്പോൾ മൂക്കുത്തി അമ്മൻ 2 എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. കാതറിൻ ട്രീസ, വാണി ഭോജൻ, ഭഗവതി പെരുമാൾ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.