മിന്നല്‍ മുരളിക്ക് ശേഷം സൂപ്പര്‍ഹീറോ ചിത്രവുമായി ഉണ്ണി മുകുന്ദന്‍

സിനിമാ ജീവിതത്തില്‍ ആദ്യമായി ഗന്ധര്‍വന്റെ വേഷം അണിയാന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണിയുടെ പുതിയചിത്രമായ ഗന്ധര്‍വ ജൂനിയറിന്റെ പൂജ കൊച്ചിയില്‍ നടന്നു. മിന്നല്‍ മുരളിക്കു ശേഷം മലയാളത്തില്‍ വരുന്ന മറ്റൊരു സൂപ്പര്‍ഹീറോ ചിത്രമായിരിക്കുമിത്. 40 കോടിയാണ് സിനിമയുടെ ബജറ്റ്.

സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകന്‍ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകന്‍ ആവുന്ന ചിത്രമാണ് ഗന്ധര്‍വ ജൂനിയര്‍. കല്‍ക്കിക്കു ശേഷം പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥ എഴുതുന്നു.പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണര്‍. ഒരു ഗന്ധര്‍വന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നര്‍മ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിങ് അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യന്‍, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ഗന്ധര്‍വ ജൂനിയര്‍ നിര്‍മിക്കുന്നത്.