
വയലിനിസ്റ്റ് ബാലഭാസ്ക്‌കറിൻ്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ബാലഭാസ്‌കറിൻ്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സിബിഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടുള്ള ഉത്തരവ്. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവിൽ പറയുന്നു.
ബാലഭാസ്കറിന്റേ്റേത് അപകടമരണമല്ല, കൊലപാതകമാണെന്നാണ് ഹർജിയിലെ വാദം. സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നും സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള ഇടപാടുകളുമായി ബന്ധമുണ്ടെന്നും മാതാപിതാക്കൾ ഹർജിയിൽ പറയുന്നു. എന്നാൽ ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടകാരണമെന്നാണ് സിബിഐ കണ്ടെത്തിയത്.
2018 സെപ്തംബർ 25ന് തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവെച്ചായിരുന്നു വാഹനാപകടം നടന്നത്. ബാലഭാസ്ക്‌കർക്കും ഭാര്യ ലക്ഷ്‌മിക്കും ഗുരുതരമായി പരിക്കേൽക്കുകയും, ഒപ്പം യാത്ര ചെയ്‌തിരുന്ന രണ്ടര വയുകാരിയായ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കർ 2018 ഒക്ടോബർ 2ന് മരണമടയുകയുമായിരുന്നു.