
പ്രശസ്ത ഫ്രഞ്ച് നടിയും, മൃഗാവകാശപ്രവർത്തകയും, ഗായികയുമായ ബ്രിജിറ്റ് ബർദോത് അന്തരിച്ചു. 91 വയസ്സായിരുന്നു. 20-ാം നൂറ്റാണ്ടിൻ്റെ ഇതിഹാസമെന്നാണ് അവരെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചത്. 1973-ൽ അഭിനയജീവിതം അവസാനിപ്പിക്കുംവരെ 50-ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
1950-60 കാലഘട്ടത്തിലെ ലിംഗപരമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണ് ഫ്രഞ്ചുകാർ ‘ബിബി’ എന്നുവിളിക്കുന്ന ബ്രിജിറ്റിനെ കണക്കാക്കുന്നത്. അവർ തിരഞ്ഞെടുത്ത മിനിസ്കർട്ട് പോലുള്ള വേഷവിധാനങ്ങൾ, ഹെയർസ്റ്റൈൽ എന്നിവയൊക്കെ അക്കാലത്ത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
1934-ൽ പാരീസിലെ കത്തോലിക്കാ കുടുംബത്തിലാണ് ബ്രിജിറ്റ് ബർദോതിന്റെ ജനനം. അക്കാലത്ത് നിലനിന്ന കർശനമായ സാമൂഹികനിയമങ്ങൾ മറികടന്ന് ബ്രിജിറ്റ് പ്രവർത്തിച്ചിരുന്നു. സ്വതന്ത്രവും ആകർഷകവുമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അത്.
വിവാഹം, ജീവിതശൈലി എന്നിവയിലും സ്വതന്ത്രമായ നിലപാടുകളെടുത്തു. ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് സ്വന്തം ശരീരത്തെയും ആഗ്രഹങ്ങളെയും തുറന്നും സ്വതന്ത്രമായും അംഗീകരിക്കാനുള്ള പ്രചോദനമായിത്തീർന്നു.
1956-ൽ പുറത്തിറങ്ങിയ ‘ആൻഡ് ഗോഡ് ക്രിയേറ്റഡ് വുമൺ’ എന്ന ചിത്രത്തിലൂടെയാണ് ബ്രിജിറ്റ് ലോകപ്രശസ്തി നേടുന്നത്. അഭിനയം നിർത്തിയശേഷം മൃഗസംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു. 1986-ൽ ബ്രിജിറ്റ് ബർദോത് ഫൗണ്ടേഷൻ സ്ഥാപിച്ചു. നാലുതവണ വിവാഹിതയായിട്ടുണ്ട് ബ്രിജിറ്റ്. നടൻ ജാക്വസ് ഷാരിയറിനെയാണ് രണ്ടാംഭർത്താവ്.