
തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെതിരെ പ്രതികരിച്ച് നടൻ ഗിന്നസ് പക്രു രംഗത്ത്.
തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തട്ടിപ്പിന്റെ രീതി വിശദീകരിച്ചുകൊണ്ടാണ് ഗിന്നസ് പക്രു വിഡിയോ പങ്കുവച്ചത്. സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത്ത് ഒരു ലിങ്ക് ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പാണെന്നും ആരും ഇതിൽ വീഴരുതെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
‘‘ഈ വിഡിയോ ചെയ്യുന്നത്. ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പറയാനാണ്. ഒരു ലിങ്ക് ഒക്കെ കൊടുത്തിട്ട് സമ്മാനപ്പെരുമഴ എന്നൊക്കെ പറഞ്ഞാണ് ഈ തട്ടിപ്പ് നടക്കുന്നത്. ‘വെൽക്കം ടു ഗിന്നസ് പക്രു, അഭിനന്ദനങ്ങൾ, നിങ്ങളെ ഒരു റാഫിൾ വിജയി ആയി തിരഞ്ഞെടുത്തിരിക്കുന്നു എന്നത് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അത് പ്രഖ്യാപിക്കുന്നതിനു മുൻപ് താഴെ ഉള്ള നിർദേശങ്ങൾ പാലിക്കുക, ഇവിടെ റജിസ്റ്റർ ചെയ്യുക’ എന്നൊക്കെ പറഞ്ഞിട്ട് ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്. ഇത് എന്താണെന്ന് എനിക്കറിയില്ല ഇത് ആരോ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്ന ലിങ്ക് ആണ്. ” ഗിന്നസ് പക്രു പറഞ്ഞു.
“എൻ്റെ പേരും പടവും ഒക്കെ കൊടുത്തിട്ട് ഒരു സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് നമ്പർ കൊടുക്കുക എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്തായാലും ഇത് കൃത്യമായ ഒരു തട്ടിപ്പാണ്. എനിക്ക് ഇതുമായി ഒരു ബന്ധവും ഇല്ല. എനിക്ക് യാതൊരു വിധത്തിലുള്ള സമ്മാനപദ്ധതികളോസോഷ്യൽ മീട്ടിയ വഴി ഉള്ള സാമ്പത്തിക കൈമാറ്റങ്ങളോ ഇല്ല. ദയവുചെയ്ത് ആരും ഈ തട്ടിപ്പിൽ വീഴരുത്. കഴിവതും ഇത് ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.” ഗിന്നസ് പക്രു കൂട്ടിച്ചേർത്തു.