മലയാളത്തിലിന്നോളമുണ്ടായിട്ടുള്ള സ്‌പോര്‍ട്‌സ് ബെയ്‌സ്ഡ് സിനിമകള്‍ക്ക് ഒരു പുതിയ മാനം കുറിച്ച് കൊണ്ടാണ് രജിഷ വിജയന്‍, നിരഞ്ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ഫൈനല്‍സ് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. മണിയന്‍ പിള്ള രാജു എന്ന നിര്‍മ്മാതാവിന് അഭിമാനിക്കാന്‍ മറ്റൊരു ചിത്രവും പ്രേക്ഷകര്‍ക്ക് ഓണക്കാലത്ത് ആസ്വദിക്കാന്‍ നല്ലൊരു ചിത്രവും സമ്മാനിച്ചിരിക്കുകയാണ് പി ആര്‍ അരുണ്‍ എന്ന സംവിധായകന്‍. ഒപ്പം സുരാജ് എന്ന അതുല്യ പ്രതിഭയുടെയും നിരഞ്ച് എന്ന യുവനായകന്റെ അഭിനയ മികവും കൂടി ഒത്തുവന്നപ്പോള്‍ ഫൈനല്‍സ് വിജയത്തിലേയ്ക്ക് കുതിക്കുകയാണ്..
സ്‌കൂള്‍ ജീവിതത്തിലെയും ഒളിമ്പിക് മത്സരങ്ങളിലെയും ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ചുകളിലെയും പ്രിയപ്പെട്ടവരുടെ വിജയം എപ്പോഴും നമുക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ പിറകിലുള്ള കഠിനാധ്വാനവും ആത്മ സമര്‍പ്പണത്തെക്കുറിച്ചും നമ്മള്‍ പലപ്പോഴും അറിയാറില്ല. രാജ്യത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ച് നമ്മളെ ആവേശം കൊള്ളിച്ച പല പ്രതിഭകളുടെയും യഥാര്‍ത്ഥ ജീവിതത്തിലേയ്ക്കുള്ള ഒരു തിരിഞ്ഞ് നോട്ടമാണ് ഫൈനല്‍സ് എന്ന ചിത്രം.
മണിയന്‍പിള്ള രാജു എന്ന നിര്‍മ്മാതാവിന്റെ ചിത്രം തന്നെയാണ് ഫൈനല്‍സ് എന്ന സിനിമ കാണുമ്പോള്‍ മനസ്സില്‍ വരുന്നത്. പല രീതികളില്‍ ഒരു സിനിമയെന്ന രീതിയില്‍ ഫൈനല്‍സ് എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന വി പി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ഇത്രയും പക്വതയോടെ നിര്‍മ്മിച്ച ഒരു സ്‌പോര്‍ട്‌സ് ചിത്രം മലയാളത്തില്‍ ഇല്ലെന്ന് തന്നെ പറയാം.
മലയാളത്തിലെ യുവതാരമായ നിരഞ്ജ് എന്ന നടന്റെ വളര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ചിത്രത്തിനായി നിരഞ്ജ് നടത്തിയ ശാരീരികമായ തയ്യാറെടുപ്പുകളും അഭിനയ മികവും തന്നെയാണ് ചിത്രത്തിന് ജീവന്‍ നല്‍കുന്ന മറ്റൊരു ഘടകം. ഒപ്പം സുരാജ് വെഞ്ഞാറമൂട് എന്ന പ്രതിഭാ ശാലിയായ നടന്റെ ക്ലാസ് ആക്ടിങ്ങും രജിഷയുടെ സ്വാഭാവികതയും ചിത്രത്തിന് നല്‍കിയ മികവ് എടുത്ത് പറയാതിരിക്കാന്‍ വയ്യ.
കൈലാസ് മേനോന്റെ സംഗീതത്തിന്റെ അവസരോചിതമായ ഇടപെടലും സുധീപ് എളമന്റെ ഛായാഗ്രഹണവും അങ്ങനെ ഒരുപാടുണ്ട് ഫൈനല്‍സിനെക്കുറിച്ച് പറയാന്‍. അതുകൊണ്ട് തന്നെയാണ് മലയാളത്തില്‍ ഇപ്പോഴും പക്വതയാര്‍ന്ന ചിത്രങ്ങളുണ്ട് എന്നതിന് നല്ല ഉദാഹരണമായി മാറാന്‍ ചിത്രത്തിന് സാധിച്ചത്. സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് എന്ന് നമ്മള്‍ തമാശയ്ക്ക് പറയാറുള്ള വാക്കിന്റെ ഗൗരവമായ ഒരര്‍ത്ഥം എന്താണെന്ന് ഓരോ പ്രേക്ഷകനും കാണിച്ച് തരുകയാണ് ഫൈനല്‍സ്. തീര്‍ച്ചയായും ഈ ഓണത്തിന് നല്ല കുറേ നിമിഷങ്ങള്‍ ആസ്വദിക്കാനായി നിങ്ങള്‍ക്ക് ഈ ചിത്രത്തിന് വേണ്ടി ടിക്കറ്റെടുക്കാം..