‘വാരിയംകുന്നന്’ പിന്തുണയുമായി സിനിമാലോകം

‘വാരിയംകുന്നന്‍’ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളില്‍ സംവിധായകന്‍ ആഷിഖ് അബുവിനും നടന്‍ പൃഥ്വിരാജിനും പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസ്, അരുണ്‍ ഗോപി, നടന്‍ ഹരീഷ് പേരടി എന്നിവരാണ് ആഷിഖിനും പൃഥ്വിക്കും പിന്തുണയുമായെത്തിയത്.

‘സിനിമയെ ആര്‍ക്കാണ് പേടി?? അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ അസ്തിത്വം ഇല്ലാത്തവര്‍ക്കോ അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്.. !!’ എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘ഈ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ്!! മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍,’ അരുണ്‍ ഗോപിയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?…പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?…കുഞ്ഞാലിമരക്കാറായി ആ മഹാനടന്‍ പരകായപ്രവേശം നടത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്…കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു…ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്‍ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്…സിനിമയെ കലകാരന്റെ ആവിഷക്കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കുക…’ ഹരീഷ് പേരടിയുടെ കുറിപ്പ്.
വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പൃഥ്വിക്കും ആഷിഖിനുമെതിരേ ആക്രമണം രൂക്ഷമാകുന്നത്. ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം താരത്തിന് പിന്തുണയുമായി സാംസ്‌കാരികരംഗത്തുനിന്നുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.