ചലച്ചിത്ര സംവിധായകൻ എം.എം. ബെയ്ഗ് മരിച്ച നിലയിൽ

','

' ); } ?>

പ്രമുഖ ബോളിവുഡ് സംവിധായകനും, ബാലതാരമായിരുന്ന ബേബി ഗുഡുവിൻ്റെ പിതാവുമായ എം.എം. ബെയ്ഗിനെ മരിച്ച നിലയിൽ കണ്ടെത്തി. 70 വയസ്സായിരുന്നു. അസുഖബാധിതനായിരുന്ന അദ്ദേഹത്തെ മുംബൈയിലെ വസതിയിലാണ് മരിച്ചതായി കണ്ടെത്തിയത്. പിആർഒ ഹനീഫ് സാവേരിയാണ് മരണവിവരം വെളിപ്പെടുത്തിയത്.

വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.

ജെ. ഓം പ്രകാശ്, വിമൽ കുമാർ, രാകേഷ് റോഷൻ എന്നിവരുടെ സഹായിയായാണ് ബെയ്‌ഗ് തൻ്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ഷിൽപ ഷിരോദ്‌കർ നായികയായ ചോട്ടി ബഹു (1994) ആണ് അദ്ദേഹം സ്വതന്ത്രമായി സംവിധാനം ചെയ്‌ത ശ്രദ്ധേയമായ ചിത്രം. നസീറുദ്ദീൻ ഷാ നായകനായ മാസൂം ഗവാഹ് (1990) എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തെങ്കിലും റിലീസ് ആയില്ല.

ബോളിവുഡ് താരം ഹൃത്വിക് റോഷനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ബെയ്‌ഗ്. ഹൃത്വിക്കിൻ്റെ അരങ്ങേറ്റ ചിത്രമായ കഹോ നാ പ്യാർ ഹേയ്ക്ക് മുൻപുതന്നെ താരത്തെ സംഭാഷണ ശൈലിയിലും ശബ്‌ദ നിയന്ത്രണത്തിലും പരിശീലിപ്പിച്ചിരുന്നത് ബെയ്ഗ് ആയിരുന്നു. 80-കളിൽ ബോളിവുഡിലെ പ്രിയപ്പെട്ട ബാലതാരമായിരുന്ന ബേബി ഗുഡുവിന്റെ (ഷാഹിന്ദ ബെയ്‌ഗ്) പിതാവാണ് അദ്ദേഹം.