‘ഫഹദ് ചിത്രങ്ങള്‍ക്ക് വിലക്കില്ല’

ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് ഫിയോക്. ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നല്‍കി. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കങ്ങളില്‍ നിന്ന പിന്‍മാറുന്നതെന്ന് ഫിയോക് അറിയിച്ചു.

ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ സിനിമകള്‍ക്ക് ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ല. ഇനി ഒടിടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് ഈ തീരുമാനമെന്നായിരുന്നു വാര്‍ത്തകള്‍.

കഴിഞ്ഞ ദിവസങ്ങളിലായി ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നീ ാണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോള്‍ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലിക് ആണ് ഇനി അടുത്ത മാസം തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം.

മലയാള സിനിമാരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മാലിക്ക്. 2021 മെയ് 13ന് പെരുന്നാള്‍ ദിനത്തിലാണ് ചിത്രം തിയേറ്റര്‍ റലീസ് പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്കന്റ് ഷോ ഒഴിവാക്കി സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കാന്‍ സാധ്യത ഏറെയാണ്.കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ചിത്രം ഒ.ടി.ടി റിലീസിന് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മാലിക് തിയേറ്ററുകളില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയച്ചതോടെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് മാലിക്കിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.