മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിക്ക് നല്‍കിയ തീരുമാനത്തില്‍ പ്രതികരണവുമായി ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. മോഹന്‍ലാല്‍ നടന്‍ എന്നതില്‍ ഉപരി ബിസിനസുകാരനായി മാറി. അതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് വിജയകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി മരക്കാര്‍ എന്ന ചിത്രത്തിന്റെ പേരില്‍ തിയേറ്റര്‍ ഉടമകള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നും ഫിയോക്ക് പ്രസിഡന്റ്.
വിജയകുമാര്‍ പറഞ്ഞത്:
‘മരക്കാര്‍ എന്ന ചിത്രത്തിന്റെ പിന്നില്‍ സാമ്പത്തിക കാര്യങ്ങളും ആന്റണി എന്ന ബിസിനസുകാരനും മാത്രമല്ല ഉള്ളത്. മോഹന്‍ലാല്‍ എന്ന ഒരു കലാകാരനുണ്ട്. പ്രതിഭാകരനായ ഒരു സംവിധായകനുണ്ട്. അതിന്റെ അണിയറയിലും അരങ്ങിലും ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. ഇവരുടെയൊക്കെ മുഖങ്ങളും പ്രകടനങ്ങളും ബിഗ് സ്‌ക്രീനില്‍ കാണണോ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ കാണണോ എന്ന് അവര്‍ തീരുമാനിക്കണം. മോഹന്‍ലാല്‍ എന്ന വലിയ നടന്‍ അദ്ദേഹത്തിന്റെ വിസ്മയകരമായ പ്രകടനം മൊബൈലിലൂടെ ആരാധകര്‍ കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
മോഹന്‍ലാല്‍ എതിര്‍ക്കാത്തതിന്റെ കാരണം മോഹന്‍ലാല്‍ കലാകരാന്‍ എന്നതിനെക്കാള്‍ ഉപരി ബിസിനസുകാരനായി എന്നതാണ്. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണ്. 2019 ഡിസംബറില്‍ സൂഫിയും സുജാതയും ഒടിടിയില്‍ പോയപ്പോള്‍, സിനിമ എന്നത് തിയേറ്ററുകളില്‍ കാണാനുള്ളതാണെന്ന് മോാഹന്‍ലാല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒടിടിക്കെതിരെ അന്ന് ശബ്ദം ഉയര്‍ത്തിയ സിനിമാതാരം മോഹന്‍ലാലാണ്. സിനിമ തിയേറ്ററുകള്‍ക്ക് ഉള്ളതാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. എന്നാണ് ഈ അഭിപ്രായം തിരിഞ്ഞത്.
തിയേറ്റര്‍ ഉടമകളുമായി ഇടപാട് നടന്നിട്ടുണ്ടെന്ന് ഞങ്ങള്‍ ആമസോണിനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അഡ്വാന്‍സ് തിരിച്ചുകൊടുത്തത്. തിയേറ്റര്‍ ഉടമകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വഞ്ചിക്കപ്പെടുകയാണ്. ഇവിടുത്തെ വ്യവ്സത അനുസരിച്ച് ഒരു നിര്‍മ്മാതാവിന്റ കൈയ്യില്‍ തിയേറ്ററുകാരുടെ പൈസയുണ്ടെങ്കില്‍ അത് ഒരു പ്രത്യേക സിനിമക്ക് എന്ന് പറഞ്ഞിട്ടല്ല കൊടുത്തിരിക്കുന്നത്. മറിച്ച് പൈസ തന്ന നിര്‍മ്മാതാവിന്റെ അടുത്ത ചിത്രം തിയറ്ററിലേക്കാണ് എന്നാണ് അതിനര്‍ത്ഥം. അതിന് പകരം ആന്റണി ദൃശ്യം 2 ഒടിടിക്ക് കൊടുത്തു. ആ സമയത്ത് നമ്മളോട് മരക്കാര്‍ തിയറ്ററിലാണ് എന്ന് പറഞ്ഞു. മരക്കാര്‍ കാണിച്ച് കൊണ്ട് തന്നെ ആന്റണി അടുത്ത മൂന്ന് സിനിമകളും ഒടിടിക്ക് കൊടുത്തു. അന്ന് പറഞ്ഞത് മരക്കാറിന്റെ നഷ്ടം നികത്താനാണ് ദൃശ്യം 2 ഒടിടിയില്‍ കൊടുത്തത് എന്നാണ്. മരക്കാര്‍ ആഘോഷമായി തിയറ്ററില്‍ റിലീസ് ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. ഇത് തന്നെയാണ് മറ്റ് മൂന്ന് ചിത്രങ്ങളുടെ കാര്യത്തിലും ആന്റണി പറഞ്ഞത്. അവസാനം മരക്കാറും ഒടിടിക്ക് കൊടുത്തു.’
ഇന്നലെയാണ് മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നു എന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. ‘മരക്കാര്‍ സിനിമ എടുത്ത സമയത്തും ചിന്തിച്ച സയമത്തും തിയറ്ററിന് വേണ്ടി തന്നെയാണ് ആലോചിച്ചത്. അതിന് വേണ്ടിയാണ് വെയ്റ്റ് ചെയ്തത്. എന്ത് ചെയ്യണമെന്ന ആശങ്ക കുറേ നാളുകളായുണ്ട്. ഇനിയും എനിക്ക് കാത്തിരിക്കാനില്ല. ഒന്നുകില്‍ തിയറ്റര്‍ അല്ലെങ്കില്‍ ഒടിടി. ഒടിടി റിലീസ് എന്നത് തള്ളിക്കളയാനാകില്ല.’ എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.