മുല്ലപ്പെരിയാര്‍: തമിഴ്‌നാട്ടില്‍ നടന്‍ പൃഥ്വിരാജിനെതിരെ വ്യാപക പ്രതിഷേധം…..

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുപണിയണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

സുപ്രീം കോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പൃഥ്വി നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്ന് സംഘടന ജില്ല സെക്രട്ടറി എസ്. ആര്‍ ചക്രവര്‍ത്തി അറിയിച്ചു.

പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്നും ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് എടുക്കണമെന്നും തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകനും ആവശ്യപ്പെട്ടു. ട്വിറ്ററിലും താരത്തിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പൃഥ്വി യഥാര്‍ഥ മലയാളി ആണെങ്കില്‍ ഇനി തമിഴ് സിനിമയില്‍ അഭിനയിക്കില്ലെന്നും തമിഴ്‌നാട്ടില്‍ കാലുകുത്തില്ലെന്നും പ്രഖ്യാപിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് ഉള്‍പ്പടെ നിരവധി മലയാളി സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

സ്തുതകളും കണ്ടെത്തലും എന്തുതന്നെയായാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ന്യായീകരണം അര്‍ഹിക്കുന്നില്ല. രാഷ്്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്, പൃഥ്വിരാജ് പറഞ്ഞു.ഭരണസംവിധാനങ്ങളെ വിശ്വസിക്കാനേ സാധിക്കൂ, അവര്‍ ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതായിരുന്നു താരത്തിന്റെ പ്രതികരണം.സംവിധായകനായ ജൂഡ് ആന്റണി,മുരളി ഗോപി തുടങ്ങിവരും മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തു വന്നിരുന്നു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. എന്നാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടാത്തതിനാല്‍ ജലനിരപ്പ് കുറഞ്ഞില്ല. ജലനിരപ്പ് ഉയരുന്നതിനിടെ തിരുവനന്തപുരത്തും ഇടുക്കിയിലും ഇന്ന് പ്രധാന യോഗങ്ങള്‍ നടക്കും. കേരള -തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തിര യോഗം വൈകിട്ട് മൂന്നിന് നടക്കും. 142 അടി പരമാവധി സംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പായ 138 അടിയിലേക്ക് അടുക്കുകയാണ്.