‘ഉറപ്പാണ്, പണി കിട്ടും’; ഗാര്‍ഹിക പീഡനത്തിനെതിരെ ഹ്രസ്വചിത്രവുമായി ഫെഫ്‍ക

സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരായ ബോധവത്കരണം ലക്ഷ്യമാക്കി ഹ്രസ്വചിത്രവുമായി എത്തിയിരിക്കുകയാണ് ഫെഫ്ക. 1.25 മിനിറ്റ മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ എസ്തര്‍ അനില്‍, ശ്രീകാന്ത് മുരളി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. സന്ദേശവുമായി മഞ്ജു വാര്യരും ചിത്രത്തില്‍ എത്തുന്നുണ്ട്.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്‌ക്കൊപ്പം ഇന്ത്യന്‍ ആഡ്ഫിലിം മേക്കേഴ്‌സും ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പിനുവേണ്ടിയാണ് ചിത്രം ചെയ്തിരിക്കുന്നത്. മന്ത്രി വീണ ജോര്‍ജ്, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

കേരളത്തില്‍ അടുത്തിടെ ഉണ്ടായ സ്ത്രീധന മരണങ്ങളുടെയും ഗാര്‍ഹിക പീഡനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇരത്തില്‍ ബോധവത്കരണം ലക്ഷ്യമാക്കി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.വിസ്മയയില്‍ തുടങ്ങി നിരവധി പേരുടെ ജീവനാണ് അടുത്തിടെ സ്ത്രീധനത്തിന്റേയും ഗാര്‍ഹിക പീഡനത്തിന്റേയും പേരില്‍ നഷ്ടമായിരിക്കുന്നത്.

ശാസ്താംകോട്ട വിസ്മയ കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം നല്‍കാന്‍ അന്വേഷണസംഘത്തിന്റെ തിരക്കിട്ട നീക്കം. ഭര്‍ത്താവ് എസ്. കിരണ്‍കുമാറിനെതിരെ സ്ത്രീധനപീഡന മരണം (ഐപിസി 304ബി) വകുപ്പ് ചുമത്തിയാണു കുറ്റപത്രം നല്‍കുക. മറ്റു വകുപ്പുകളൊന്നും ആദ്യ കുറ്റപത്രത്തില്‍ വേണ്ടെന്നാണു തീരുമാനം. തുടരന്വേഷണത്തിലെ തെളിവുകള്‍ അനുസരിച്ച് ആവശ്യമെങ്കില്‍ അനുബന്ധ കുറ്റപത്രം നല്‍കും.

വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല. അതെന്തായാലും ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയത്.