മലയാള സിനിമ തെലുങ്കാനയിലേക്ക്..പ്രതിഷേധവുമായി ഫെഫ്ക

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്നത് ഉള്‍പ്പടെ ഏഴോളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റി.ഈ പശ്ചാതലത്തില്‍ കേരളത്തില്‍ സിനിമ ചിത്രീകരണം തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയുടെ കത്ത്. ഞങ്ങളുടെ അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്!ടമായിരിക്കുന്നത്. സിനിമാ ഷൂട്ടിങ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല എന്നും വ്യക്തമാക്കിയാണ് ഫെഫ്ക മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുന്നത്. ഫെഫ്കയുടെ കത്തിന്റെ പൂര്‍ണരൂപം താഴെ…

മലയാള സിനിമ ഒരു തൊഴില്‍ മേഖല എന്ന നിലയിലും ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പന്‍ പ്രതിസന്ധിയാണ്. ഒന്നാം ലോക്ക് ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടല്‍ സമയത്ത്, സര്‍ക്കാര്‍ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സഹായമായി തന്നത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും സംഘടിതശക്തിയും സഹപ്രവര്‍ത്തകരുടെ സ്!നേഹപൂര്‍വമുള്ള കൈത്താങ്ങും ബിസിനസ് ഗ്രൂപ്പുകളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേര്‍ന്നപ്പോള്‍, സഹായമഭ്യര്‍ഥിച്ച ഓരോ ചലച്ചിത്ര പ്രവര്‍ത്തകനും 5000 രൂപ അക്കൗണ്ടില്‍ എത്തിച്ചു കൊടുക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കൂടാതെ സ്ഥിരമായി ജീവന്‍രക്ഷാ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവര്‍ക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതര്‍ക്ക് മരണാന്തര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2,25,00,000 രൂപ സംഘടന കണ്ടെത്തി ചെലവിട്ടു.

രണ്ടാം അടച്ചിടല്‍ ഘട്ടത്തില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്!ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകള്‍ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്‌സിനേഷന്‍, കോവിഡ് ബാധിതര്‍ക്ക് ചികിത്സാ സഹായം, കുടുംബങ്ങള്‍ക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികള്‍ക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഇവ്വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ല. നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ സിനിമ എന്ന തൊഴില്‍ മേഖല പിന്നെയും സജീവമായിരിക്കുന്നു. യാതൊരു കാര്‍ക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളില്‍ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഷൂട്ടിങ് നടത്താന്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ട് ആഴ്!ചകളായി. സിനിമയ്ക്കു മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സീനെങ്കിലും സ്വീകരിച്ചവരാണ്.

ഷൂട്ടിങ്ങിനുമുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയോബബിള്‍ സൃഷ്!ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിങ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങള്‍ മാത്രമല്ല നിര്‍മാതാക്കളും സര്‍ക്കാരിനോട് പലതവണ അഭ്യര്‍ഥിച്ചിട്ടുണ്ട്. സീരിയല്‍ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുള്‍ മനസ്സിലാവുന്നില്ല. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്നത് ഉള്‍പ്പടെ ഏഴോളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്Sമായിരിക്കുന്നത്. നിര്‍മാണ മേഖലയുള്‍പ്പെടെയുള്ളവയ്ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ല, സിനിമാ ഷൂട്ടിങ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാല്‍, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിങ് പുനരാരംഭിക്കാനുള്ള അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു