ഫാസ്റ്റ് സാഗയിലെ 9ാം ചിത്രമൊരുങ്ങുന്നു… ആദ്യ ട്രെയ്‌ലര്‍ റിലീസ് ഡെയ്റ്റ് പുറത്ത്

വിന്‍ ഡീസല്‍, ജെയ്‌സണ്‍ സ്റ്റാഥം, ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നീ വന്‍ താരനിരയിലൂടെ ആക്ഷന്‍ സിനിമാപ്രേമികള്‍ക്ക് എക്കാലവും മികച്ച സിനിമാ അനുഭവം സമ്മാനിച്ച ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് സാഗയിലെ 9ാം ചിത്രമൊരുങ്ങുന്നു. ചിത്രത്തില്‍ വിന്‍ ഡീസല്‍ അവതരിപ്പിക്കുന്ന പ്രേക്ഷകരുടെ പ്രിയ താരം ഡൊമിനിക് ടൊറെറ്റൊ ഇത്തവണ ഒരു കുടുംബനാഥനായാണെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനും ഈ പേരില്‍ തന്നെയാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് ടീം ഇത്തവണ ഈ ടാഗ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ ആദ്യ സൂചനകള്‍ നല്‍കിക്കൊണ്ട് ഇന്നലെ വിന്‍ ഡീസല്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ആദ്യ സ്‌നീക് പീക്ക് ടീസര്‍ പുറത്ത് വിട്ടിരുന്നു. ടീസറില്‍ തന്റെ കുടുംബത്തോടൊപ്പം വളരെ സമാധാനപരമായി ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന ഡൊമിനികിനെയാണ് കാണുന്നത്. എന്നാല്‍ വരാനിരിക്കുന്ന എന്തോ ആപത്തിന്റെ സൂചനകളും ടീസറില്‍ സൂചിപ്പിക്കുന്നുണ്ട്. 31ാം തീയതി ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തുവിടാനിരിക്കുകയാണ് വിന്‍ ഡീസല്‍.

മിഷേല്‍ റോഡ്രിഗസ്, വിന്‍ ഡീസല്‍ എന്നിവര്‍ക്കൊപ്പം ചാര്‍ലിസ് തെറോണ്‍, ഹെലന്‍ മിറന്‍, ജസ്റ്റിന്‍ ലിന്‍ എന്നിവരും ഇത്തവണ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അവസാന അഞ്ച് ചിത്രങ്ങളില്‍ ഭാഗമായിരുന്ന ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നാല്‍ ഇത്തവണ ചിത്രത്തില്‍ ഇത്തവണ ഉണ്ടാകില്ല.