
ചെനീസ് താരം ‘ജാക്കി ചാൻ’ മരണപ്പെട്ടതായി വീണ്ടും വ്യാജ പ്രചരണം. ജാക്കി ചാന്‍ ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രത്തിനൊപ്പം അദ്ദേഹം മരിച്ചതായും കുടുംബം വാര്‍ത്ത സ്ഥിരീകരിച്ചതായുമാണ് ഫേസ്ബുക്കിൽ വാർത്ത പ്രചരിക്കുന്നത്. വാര്‍ത്തകണ്ട് പലരും വിശ്വസിക്കുകയും നിരവധിയാളുകള്‍ ദുഃഖം രേഖപ്പെടുത്തി കമന്റുകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
നിരവധിപേരാണ് വാർത്തയ്‌ക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തിനാണ് ഫെയ്‌സ്ബുക്ക് ജാക്കി ചാനെ കൊല്ലാന്‍ ശ്രമിക്കുന്നതെന്നും, ജാക്കി ചാനെ ഇന്റര്‍നെറ്റ് കൊല്ലാന്‍ നോക്കുകയാണെന്നും, താൻ ജോലി സ്ഥലത്ത് നിന്ന് നിലവിളിച്ച് പോയെന്നുമൊക്കെയാണ് വരുന്ന കമന്റുകൾ. ഇത് ആദ്യമായല്ല ജാക്കി ചാൻ്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നത്. അത്തരം വാർത്ത പ്രചരിക്കുമ്പോഴെല്ലാം താൻ ജീവനോടെയിരിക്കുന്നുവെന്ന് അറിയിച്ച് ജാക്കി ചാൻ തന്നെ രംഗത്തുവരാറുമുണ്ട്.
ചൈനീസ്, ഹോളിവുഡ് ചിത്രങ്ങളിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ ആക്ഷൻ താരമാണ് ജാക്കി ചാൻ. റഷ് അവർ, ദി കരാട്ടെ കിഡ് ഫ്രാഞ്ചൈസുകളിലൂടെ പുതിയ തലമുറയ്ക്കും അദ്ദേഹം സുപരിചിതനാണ്. പുതിയ ചില ചിത്രങ്ങളും അദ്ദേഹത്തിൻ്റേതായി ഒരുങ്ങുന്നുണ്ട്. ന്യൂ പോലീസ് സ്റ്റോറി 2, പ്രൊജക്‌ട് പി, ഫൈവ് എഗെയ്ൻസ്റ്റ് എ ബുള്ളറ്റ് എന്നിവയെല്ലാം നിർമാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്. റഷ് അവർ 4 ന്റെ ജോലികളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.