ഛോട്ടാ മുംബൈയുടെ രണ്ടാം വരവ് ഏറ്റെടുത്ത് ആരാധകർ

','

' ); } ?>

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈയുടെ റീ റിലീസ് ഏറ്റെടുത്ത് പ്രേക്ഷകർ. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ഭൂരിഭാഗം തിയേറ്ററുകളിലും നിറഞ്ഞ സദസ്സുകളാണ്. ആദ്യ ദിനം മികച്ച കളക്ഷൻ സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ. വമ്പൻ ആഘോഷങ്ങളോടെയാണ് ആരാധകർ തലയേയും കൂട്ടരെയും വരവേൽക്കുന്നത്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രോ സീനിലെ ആരാധകരുടെ ആരവങ്ങളുടെ വീഡിയോകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന് കേരളത്തിലുടനീളം മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്.

ചിത്രം പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ 4K ഡോൾബി അറ്റ്മോസിൽ ആണ് വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്. ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീത സംവിധാനം.

സമീപകാലത്തായി റീറിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ കോടിക്കിലുക്കവുമായാണ് തിയേറ്ററുകള്‍ വിട്ടത്. ഛോട്ടാ മുംബൈയും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ.