
വിജയ്യുടെ ‘ജനനായകന്റെ‘ വ്യാജപതിപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിലിരുന്ന് കണ്ട യുവാവ് അറസ്റ്റിലായി. ചെന്നൈ കോട്ടൂർപുറത്തെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സിസിടിവി നിരീക്ഷണ ചുമതലയുണ്ടായിരുന്ന യുവരാജ് എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ മേൽനോട്ടം വഹിക്കേണ്ട സമയത്ത് സ്വന്തം ലാപ്ടോപ്പിൽ സിനിമ കണ്ടതാണ് ഇയാൾക്ക് വിനയായത്.
സിനിമ കാണുന്നതിന്റെ ദൃശ്യങ്ങൾ യുവരാജ് തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും, പകർപ്പവകാശ നിയമം ലംഘിച്ച് നിർമ്മാണത്തിലിരിക്കുന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് കൈവശം വെച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതീവ സുരക്ഷാ മേഖലയിൽ ഡ്യൂട്ടിക്കിടെ ലാപ്ടോപ്പ് ഉപയോഗിച്ച് സിനിമ കണ്ടത് വലിയ സുരക്ഷാ വീഴ്ചയായാണ് അധികൃതർ കണക്കാക്കുന്നത്. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് വിജയ് ആരാധകർ കാത്തിരുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത പതിപ്പ് ഇന്റർനെറ്റിൽ പ്രചരിച്ചത്. ഈ സംഭവത്തിൽ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ ഒൻപത് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നുത്.
‘ജനനായക’നുമായി ബന്ധപ്പെട്ട ലീക്കായ ഏതെങ്കിലും ഉള്ളടക്കം ഒരു കാരണവശാലും ഏതെങ്കിലും ഡിജിറ്റൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ഡൗൺലോഡ് ചെയ്യുകയോ, സ്വീകരിക്കുകയോ, സേവ് ചെയ്യുകയോ, ഫോർവേഡ് ചെയ്യുകയോ, ഷെയർ ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ടെസ്റ്റ് സ്ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം.