
മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വ’ത്തിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി.എന്‍. പ്രതാപന്. കാലമെത്ര പോയാലും സത്യന് അന്തിക്കാടിന്റെ സര്‍ഗ്ഗശേഷി അല്പം പോലും മങ്ങാതെ ഇവിടെ ഉണ്ടാവും എന്നതിന്റെ തെളിവാണ് ‘ഹൃദയപൂര്‍വ്വ’മെന്ന് പ്രതാപന് പറഞ്ഞു. തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതാപന്റെ പ്രതികരണം.
“ഈ സിനിമയുടെ എല്ലാമെല്ലാം മോഹൻലാൽ തന്നെയാണ്. അറുപത്തിയഞ്ച് വയസ്സുള്ള ഒരു കലാകാരൻ അയാളുടെ അസാമാന്യ അഭിനയപാടവം കൊണ്ട്, അത്രമേൽ മനോഹരമായ മാനറിസം കൊണ്ട് പ്രേക്ഷകരെ എത്ര എളുപ്പത്തിലാണ് സിനിമയുടെ ലോകത്തേക്ക് വിളിച്ചു കൊണ്ടുപോകുന്നത്. ‘ഹൃദയപൂർവ്വ’ത്തിൽ മോഹൻലാലിൻ്റെ ഓരോ ചെറിയ അനക്കങ്ങളിലും അടക്കങ്ങളിലും അയാളിലെ പ്രതിഭ പ്രശോഭിതമാവുന്നു. മോഹൻലാൽ ചിരിക്കുമ്പോൾ നമ്മുടെ മനസ്സ് വിശാലമാവുന്നത് നമ്മൾ അനുഭവിക്കുന്നു. ഹാസ്യ രംഗങ്ങളിൽ അനായാസമായി അയാൾ ഒഴുകി നടക്കുന്നു. സംഗീത് പ്രതാപിനെ പോലെ ഏറ്റവും പുതിയ തലമുറയിലെ കലാകാരന്മാർക്കൊപ്പവും ജഗതിയോടും ഇന്നസെൻ്റിനോടുമൊക്കെ മോഹൻലാൽ സാധ്യമാക്കിയിരുന്ന കെമിസ്ട്രി എളുപ്പത്തിൽ സ്ഥാപിച്ചെടുക്കുന്നു. നമ്മളവരുടെ കുസൃതികളിൽ, സംസാരങ്ങളിൽ വീണുപോകുന്നു, മതിമറന്ന് ചിരിക്കുന്നു”.ടി.എന്‍. പ്രതാപന് കുറിച്ചു.
“കാലമെത്ര പോയാലും സത്യൻ അന്തിക്കാടിൻ്റെ സർഗ്ഗശേഷി അല്പം പോലും മങ്ങാതെ ഇവിടെ ഉണ്ടാവും എന്നതിൻ്റെ തെളിവാണ് ‘ഹൃദയപൂർവ്വം’ സിനിമ. പുതിയ കാലത്തിന്റെ കഥപറച്ചിലുകളുടെ വ്യവഹാര സങ്കൽപ്പങ്ങൾ ഉൾകൊള്ളാനും അതവതരിപ്പിക്കാനും പുതുതലമുറയിലെ ഒരു സംവിധായകനെ പോലെ സത്യൻ അന്തിക്കാടിന് കഴിയുന്നുണ്ട്. ക്ലാസിക് സത്യൻ അന്തിക്കാട് സിനിമകളുടെ ഭൂപ്രകൃതിയും മനുഷ്യരും കാഴ്ചകളും ഈ സിനിമയിലില്ല. ഗൃഹാതുരമായ ഗ്രാമ്യസങ്കല്പങ്ങളില്ല. അന്തിക്കാടിന്റെറെ കോൾപാടങ്ങളും, തോടുകളും, ചിറകളും, അധ്വാനിക്കുന്ന മനുഷ്യരും, അവരുടെ മൂല്യവിചാരങ്ങളും സത്യൻ അന്തിക്കാടിന്റെ എഴുത്തുകളെ, ദൃശ്യഭാവനകളെ അത്രമേൽ സ്വാധീനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന സിനിമകളാണ് നമ്മൾ പോയകാലത്ത് ഏറെയും കണ്ടത്”. ടി.എന്‍. പ്രതാപന് കൂട്ടിച്ചേർത്തു.