‘എറിഡ’ അഥവാ വെറുപ്പിന്റെ ദേവത

ഗ്രീക്കിലെ വെറുപ്പിന്റെ ദേവതയാണ് എറിഡ. സംയുക്ത മേനോനെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലറാണ് എറിഡ. മരുഭൂമിയിലെ ആന എന്ന ചിത്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച സംവിധായകന്‍ വി കെ പ്രകാശും എഴുത്തുകാരന്‍ വൈ വി രാജേഷും ഇത്തവണ ത്രില്ലറുമായാണെത്തിയിട്ടുള്ളത്. ലോക്ക്ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കുള്ളില്‍ ചിത്രീകരിച്ച സിനിമയാണെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന ഡാര്‍ക്ക് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമാണ് എറിഡ. തfരക്കഥ അത്ര കരുത്തുറ്റതല്ലെങ്കിലും സംവിധായകന്റെ കയ്യടക്കത്താല്‍ രണ്ട് മണിക്കൂര്‍ സമയം പ്രേക്ഷകനെ പിടിച്ചിരുത്താവുന്ന മെയ്ക്കിംഗ് രീതിയാണ് എറിഡയുടേത്. സംയുക്തമേനോനെ മുന്‍നിര്‍ത്തി ചിത്രം മുന്നോട്ട് കൊണ്ടുപോവുകയാണ് സിംവിധായകന്‍. യുവതിയായ സ്വന്തം ഭാര്യയെ വെച്ച് വരെ ചൂതാട്ടം നടത്തുന്ന പ്രായം ചെന്ന ഗാംബ്ലറുടെ കഥയായി തുടങ്ങി ചിത്രം പല ട്വിസ്റ്റുകളാലും വേറിട്ടതാക്കാനുള്ള ശ്രമമാണ് എറിഡയുടെ തിരക്കഥയില്‍ വൈ വി രാജേഷ് നടത്തിയിട്ടുള്ളത്. അത്ര ശക്തമായ തിരക്കഥയല്ലാതിരുന്നിട്ട് കൂടെ മെയ്ക്കിംഗിനാല്‍ വി.കെ,പിക്ക് സിനിമയെ പിടിച്ചുനിര്‍ത്താനായിട്ടുണ്ട്. അവളുടെ രാവുകളുടേതിന് സമാനമായ പോസ്റ്ററാല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം അല്‍പ്പം ഗ്ലാമറായി തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഒ.ടി.ടി റിലീസായതിനാല്‍ ചിത്രം അത്തരം പ്രേക്ഷകരേയും ആകര്‍ഷിക്കും.

ക്ഷണിക്കപ്പെടാതെ വീട്ടിലെത്തുന്ന അതിഥി, അവിടെ നടക്കുന്ന സംഭവങ്ങള്‍ എന്നിവയാലെല്ലാം ട്വിസ്റ്റുകളുണ്ടെങ്കിലും അതെല്ലാം അവസാന മിനുട്ടുകളില്‍ പറഞ്ഞു തീര്‍ക്കുന്ന അനുഭവമാണുണ്ടായത്. കഥയ്ക്ക് നിഗൂഢത കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നും തന്നെ പൂര്‍ണ്ണമായി വിജയിച്ചെന്ന് പറയാനാവില്ല. രണ്ട് മണിക്കൂറിലേക്ക് ചെറിയ കഥയെ വലിച്ചിഴച്ച അനുഭവം പലപ്പോഴും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. കഥ തീര്‍ന്നിട്ടും പ്രേക്ഷകനെ ഞെട്ടിപ്പിക്കാനുള്ള ശ്രമങ്ങളും ഫലിച്ചിട്ടില്ല. എന്ന സുന്ദരമായ പേരും ആ ചിന്തയും വേണ്ടത്ര ഉപയോഗിക്കാതെ ഒരു വീടിനെ മാത്രം കേന്ദ്രീകരിച്ചെടുത്ത സിനിമയാണ് എറിഡ. എസ് ലോഗനാഥന്റെ ഛായാഗ്രഹണം മികച്ചതായിരുന്നു. മ്യൂസിക്ക് വലിയ കുഴപ്പം തോന്നിയില്ലെങ്കിലും ചിത്രസംയോജനം അല്‍പ്പം ലാഗിംഗ് അനുഭവപ്പെട്ടു. സംയുക്തമേനോന്‍ തന്റെ കഥാപാത്രം ഭംഗിയായി അവതരിപ്പിച്ചു. നാസര്‍, കിഷോര്‍ കുമാര്‍ ഹരീഷ് പേരടി എന്നിവരെല്ലാം നന്നായിരുന്നു. സമയമുണ്ടെങ്കില്‍ ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണ്‌
എറിഡ.