കുഞ്ചാക്കോ ബോബന്റെ ‘ഭീമന്റെ വഴി’ ഡിസംബറില്‍ എത്തും

കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദ് ജോസും പ്രധാന വേഷത്തിലെത്തുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.ഡിസംബര്‍ 3 ന് ചിത്രം തിയേറ്ററുകളിലെത്തും.’തമാശ’എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചിന്നു ചാന്ദ്‌നി, വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപത്രങ്ങളായി ചിത്രത്തിലെത്തുന്നത്.

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചെമ്പന്‍ വിനോദ് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായഗ്രാഹകന്‍. മുഹ്സിന്‍ പെരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണം നല്‍കുന്നു.

നിഴല്‍ ആണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്ന നിഴല്‍.രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും ലഭിച്ച എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത് . ത്രില്ലര്‍ പശ്ചാത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരും ചിത്രത്തല്‍ പ്രധാന കഥാപാത്രങ്ങളി എത്തി.ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടും അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നാണ്.പ്രവീണ്‍ മൈക്കിള്‍, മണിയന്‍, സുനിത എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിന്റെ ഭാഗമാകേണ്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ജോസഫിന് ശേഷം ഷാഹി കബീറിന്റെ രചനയിലെത്തിയ ചിത്രവുമാണ് നായാട്ട്.ചിത്രം തീയറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിക്ക് നല്‍കിയിരിക്കുന്നത്.തീയറ്ററില്‍ തന്നെ മികച്ച നീരുപക പ്രശംസ നേടിയ ചിത്രമായിരുന്നു നായാട്ട്.

പട, ഒറ്റ്, ന്നാ താന്‍ കേസ് കൊട്, എന്താടാ സജി, നീലവെളിച്ചം, അറിയിപ്പ് തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.