ഗൗതം വാസുദേവ് മേനോന്റെ എന്നൈ നോക്കി പായും തോട്ടൈ എന്ന തമിഴ് ചിത്രം ഏറെ കാത്തിരിപ്പിനൊടുവിലാണ് തിയേറ്ററില്‍ എത്തിയിരിക്കുന്നത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ഒരു പ്രണയ കഥ ഗ്യാംഗ്സ്റ്റര്‍ വാറിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് ചിത്രം. ധനുഷും, മേഘ ആകാശും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ആദ്യ പകുതിയെ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ വില്ലന്‍മാരുടെ എണ്ണം കൂടി വരുന്നു കഥാ ഗതി മുംബൈയിലേക്ക് മാറുന്നു.
ശക്തമല്ലാത്ത തിരക്കഥ, നരേറ്റീവ് സ്‌റ്റൈല്‍ എന്നിവ ചിത്രത്തെ ലാഗ് ചെയ്യിപ്പിക്കുന്നുണ്ട്. കഥയുടെ മര്‍മ്മ പ്രധാനമായ ട്വിസ്റ്റുകളെല്ലാം ആദ്യമേ സംഭവിയ്ക്കും, പിന്നീട് അത് വിശദമാക്കുന്ന ശൈലിയാണ് തിരക്കഥയുടേത്. ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോഴേയ്ക്കും ഈ രീതി പ്രേക്ഷകന് എളുപ്പം മനസ്സിലാവുകയും കഥ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് ഊഹിയ്ക്കാനും കഴിയുന്നുണ്ട്.
കഥയില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും അവതരണ മികവിനാല്‍ ചിത്രത്തെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് സംവിധായകന്‍ നടത്തിയത്. ജോമോന്‍ ടി ജോണും സംഘവും ഒരുക്കിയ ഛായാഗ്രഹണം മികച്ചതായിരുന്നു. ഗ്യാംഗ് വാറില്‍ ആക്ഷന്‍ കൊറിയോഗ്രാഫിയും, ഡര്‍ബുക്ക ശിവയുടെ സംഗീതവും, നൃത്തവും നന്നായിരുന്നു. ആദ്യ പകുതിയിലെ പലരംഗങ്ങളിലും പ്രണയം ഫീല്‍ ചെയ്യുന്നുണ്ട്.
ധനുഷ്, മേഘ ആകാശ് ജോഡി ചിത്രത്തിന് അനുയോജ്യമായിട്ടുണ്ട്. ഒപ്പം ശശികുമാറും, അശ്വിന്‍ കുമാറും, സെന്തില്‍ വീര സ്വാമിയും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. കാസ്റ്റിംഗോ, അല്ലെങ്കില്‍ അവതരണ മികവോ മാത്രം പോര ഒരു നല്ല സിനിമയ്‌ക്കെന്നും തിരക്കഥയുടെ നട്ടെല്ല് തന്നെയാണ് സിനിമയുടെ വിജയമെന്നും ഈ ധനുഷ് ചിത്രം ഓര്‍മ്മിപ്പിക്കുന്നു.