കമലയെന്ന പസില്‍..!

പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധീ വാത്മീകം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പ്രേതം 2 വിന് ശേഷം മറ്റൊരു സസ്‌പെന്‍സ് ത്രില്ലറുമായെത്തിയിരിക്കുകയാണ് കമല. അജു വര്‍ഗ്ഗീസ്, ബോളിവുഡ് താരം റുഹാനി ശര്‍മ്മ എന്നിവരെ അണിനിരത്തി രഞ്ജിത്ത് ഒരുക്കിയ കമല എന്ന ചിത്രം ഒരു ചിത്രത്തില്‍ അജു കണ്ടുമുട്ടുന്ന കമല എന്ന അഞ്ജാതയായ പെണ്‍കുട്ടിയെക്കുറിച്ചാണ് പറയുന്നത്. തന്റെ ആദ്യ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ജോണറിലുള്ള ഒരു ചിത്രവുമായി രഞ്ജിത്ത് എത്തിയപ്പോള്‍ ആവറേജ് പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കമലയുടെ വിശേഷങ്ങളിലേയ്ക്ക്…

ഒരു സസ്‌പെന്‍സ് ത്രില്ലറായ കമല എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസിന് മുമ്പ് പ്രമോഷന്റെ ഭാഗമായി തിരക്കഥ കണ്ടുപിടിക്കുന്നവര്‍ക്ക് വേണ്ടി ഒരു മത്സരമൊരുക്കിയിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് പ്രേക്ഷകര്‍ അയച്ചുകൊടുത്ത പല വ്യത്യസ്ഥ കഥകളും പബ്ലിഷ് ചെയ്ത് വന്നിരുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് കമലയെന്ന ചിത്രം. അത്ര പെട്ടന്ന് മനസ്സിലാക്കാന്‍ പറ്റാത്ത ഒരു നിഗൂഢത തന്നെയാണ് കമലയെന്ന് തെളിയിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകനും കഥയിലെ അജുവിന്റെ കഥാപാത്രമായ സഫറും.

ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ സഫര്‍ എന്നയാളുടെ ഒരു ദിവസത്തെ കഥയാണ് കമല പറയുന്നത്. തന്റെ ബോസിന്റെ ഒരു ഡീലിനായി ഒരു ദിവസത്തേക്ക് കാട്ടിലെത്തിപ്പെടുന്ന അജു പിന്നീട് അവിടെ നിന്ന് ഒരു പെണ്‍കുട്ടിയെ മറ്റൊരു ഓണ്‍ലൈന്‍ ഡീല്‍ വഴി കണ്ടുമുട്ടുന്നു. മറ്റാരുമറിയാത്ത
തന്റെ ഡീലിനെ മറ്റൊരു അബ്ക്കാരി ഇടപെട്ട് തടസ്സപ്പെടുത്തുന്നതോടെ അജുവിന് താന്‍ പെട്ടന്ന് മനസ്സിലാക്കിയ ഈ പെണ്‍കുട്ടിയെക്കുറിച്ച് സംശയം തോന്നുകയാണ്. എന്നാല്‍ പതിയെ പല നിഗൂഢതകളും കമലെയെക്കുറിച്ച് കഥയിലൂടെ അറിയുന്നതോടെ അജുവും പ്രേക്ഷകരും എല്ലാം ആ ചോദ്യത്തിലേക്കെത്തുകയാണ് ആരാണ് കമല…?

അജ്ഞാതയായെത്തിയ പ്രേക്ഷകരെ ഏവരെയും ത്രില്ലടിപ്പിച്ച റുഹാനി ശര്‍മ്മ തന്നെയാണ് ചിത്രത്തെ ഉടനീളം മുന്നോട്ട് കൊണ്ടു പോയത്. അതുപോലെ തന്നെ പല വേഷങ്ങളിലേക്ക് താരം നടത്തിയ മാറ്റങ്ങളും എടുത്തു പറയാതിരിക്കാന്‍ വയ്യ. കേന്ദ്ര കഥാപാത്രമായെത്തിയ അജു വര്‍ഗ്ഗീസ് സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് കാണിച്ചുതരുന്നുണ്ട്. മറ്റൊരു നല്ല വേഷം അവതരിപ്പിച്ചത് അനൂപ് മേനോനാണ്.

ഷെഹ്നാദ് ജലീലിന്റെ ഛായാഗ്രഹണം ഒരു ത്രില്ലര്‍ എന്ന നിലയില്‍ കുറച്ചുകൂടി ഉപയോഗപ്പെടുത്തമായിരുന്നു. ആനന്ദ് മധുസൂധനന്റെ ഈണത്തിലൊരുങ്ങിയ ചിത്രത്തിന്റെ ആദ്യ പകുതിയിലെ എന്തേ മുല്ലെ എന്ന ഗാനം പ്രേക്ഷകരെ സീരിയസ്സ് മൂഡില്‍ നിന്നും പ്രേക്ഷകരെ അനായാസപ്പെടുത്തി. ആദിലിന്റെ കട്ടുകളും ചിത്രത്തിന് വേണ്ട ഒഴുക്ക് നല്‍കി.

ഒരു പസില്‍ സോള്‍വ് ചെയ്യുന്ന മൂഡോഡെ, ഒരു രഹസ്യത്തിന്റെ ചുരുളഴിക്കാനുള്ള ആഗ്രഹത്തോടെ പ്രേക്ഷകന് ആസ്വദിക്കാനാവുന്ന ചിത്രമാണ് കമല. കമലയെ കണ്ടുപിടിക്കാനായി നിങ്ങള്‍ക്കും ഈ ചിത്രം കാണാം. മറ്റൊരു സിനിമയുടെ വിശേഷങ്ങളുമായി വീണ്ടും കാണാം. പുതിയ അപ്‌ഡേറ്റുകള്‍ക്കായി ബെല്‍ബട്ടണമര്‍ത്തുക.. നന്ദി